മ​ഴ: മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യതയെന്ന്​ വിദഗ്​ധർ

കാസർകോട്: കനത്ത മഴയും മണ്ണി​െൻറ ഉയർന്ന ആർദ്രതയും കാരണം കാർഷിക വിളകൾക്ക് മഹാളിയും ദ്രുതവാട്ടവും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കാർഷിക സാങ്കേതികവിദ്യ ഉപദേശക യോഗത്തിൽ വിദഗ്ധർ പറഞ്ഞു. കൃഷിക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. കോപ്പർ ഹൈേഡ്രാക്സൈഡ് മിശ്രിതം ബോർഡോ മിശ്രിതം പോലെ തന്നെ ഫലപ്രദമാണ്. തോട്ടങ്ങളിലെ തണൽ നിയന്ത്രിക്കുകയും നീർവാർച്ച ഉറപ്പുവരുത്തുകയും വേണം. ഒരു ഏക്കർ സ്ഥലത്ത് നാലു കിലോഗ്രാം എന്ന തോതിൽ തുരിശ് പൊടിച്ച് ചേർക്കുന്നതുവഴി അട്ടയെ നിയന്ത്രിക്കാൻ സാധിക്കും. കാട്ടാന, കുരങ്ങ്, മുയൽ, മയിൽ, കാട്ടുപന്നി മുതലായവയുടെ ഉപദ്രവം മൂലം കാര്യമായ വിളനഷ്ടം സംഭവിക്കുന്നു. ഇവയെ നിയന്ത്രിക്കാൻ കൃഷിക്കാരെ കൊണ്ട് സാധിക്കുന്നില്ല. വിളകൾ ഇവയിൽനിന്നും രക്ഷിക്കാനുള്ള തന്ത്രങ്ങൾ കുറച്ചുകാലത്തേക്കേ ഫലിക്കുന്നുള്ളൂ. ഇക്കാര്യത്തെക്കുറിച്ച് ജില്ലയിലെ വനം വകുപ്പ് അധികൃതരുമായി വിശദമായി ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചു. വാഴകൃഷിയിൽ വ്യാപകമായി കാണപ്പെടുന്ന കാത്സ്യം, ബോറോൺ എന്നിവയുടെ അഭാവം മൂലമുള്ള പ്രശ്നങ്ങൾ, കരനെൽ കൃഷിയിലെ സിങ്കി​െൻറ അഭാവം മൂലമുള്ള വിളർച്ച, തെങ്ങിലെ പൊട്ടാസ്യം കുറവ് മൂലമുള്ള മച്ചിങ്ങ പൊഴിച്ചിൽ, ചേനയുടെ ചുവടുചീയൽ, മഴക്കാല പച്ചക്കറികളിലെ വിവിധ കീടരോഗങ്ങൾ മുതലായ നിരവധി പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. പടന്നക്കാട് കാർഷിക കോളജിലെ ലബോറട്ടറിയിൽ നടത്തിയ ജൈവവള ഗുണപരിശോധന റിപ്പോർട്ടിലെ ഭൂരിഭാഗം സാമ്പിളുകളും നിർദിഷ്ട ഗുണനിലവാരം പുലർത്താത്തവയാണ്. അതുകൊണ്ടുതന്നെ പുറമെ നിന്നും വാങ്ങുന്ന ജൈവവളങ്ങളേക്കാൾ കൃഷിക്കാർ തങ്ങളുടെ കൃഷിയിടത്തിൽ ഉണ്ടാക്കുന്ന ജൈവവളങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടത്. യോഗത്തിൽ അസോസിയറ്റ് ഡീൻ ഡോ.എം.ഗോവിന്ദൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ലിൻസി സേവ്യർ, ഡോ. കെ.എം.ശ്രീകുമാർ, ഡോ. ടി.എസ്. മനോജ് കുമാർ, ഡോ.എസ്. ലീന തുടങ്ങിയവരും കൃഷി ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.