ആണിക്കരിയില്‍ നിർണായക മത്സരം

മട്ടന്നൂര്‍: അഞ്ചാം വാര്‍ഡായ ആണിക്കരിയില്‍ കെ. മജീദ് (ഇടതു സ്വതന്ത്രന്‍), പി.പി. ഹിദായത്തുല്ല മാസ്റ്റര്‍(മുസ്ലിം ലീഗ്), എ. രഞ്ജിത്ത്(ബി.ജെ.പി) എന്നിവരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ മുസ്ലിംലീഗ് വിമത സ്ഥാനാർഥിയെ 10 വോട്ടിന് പരാജയപ്പെടുത്തി സി.എം.പിയിലെ കെ. ഉഷ വിജയിച്ച വാര്‍ഡാണിത്. ലീഗ് വിമത എം.കെ. നജ്മ 266 വോട്ടും സി.പി.എമ്മിലെ സി. ഷീബ 233 വോട്ടും എസ്.ഡി.പി.ഐയിലെ സി.വി. ഹസീന 119 വോട്ടുമാണ് നേടിയിരുന്നത്. സി.എം.പിയുടെ സിറ്റിങ് സീറ്റായ ഇവിടെ ഇത്തവണ അവർക്ക് സീറ്റ് നല്‍കിയില്ല. വിജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റ് ആവശ്യപ്പെട്ടിട്ടും അതും നല്‍കാന്‍ മുന്നണി നേതൃത്വം തയാറായില്ല. ഇതിൽ പ്രതിഷേധിച്ച് ആണിക്കരി ഉള്‍പ്പെടെ നാലു വാര്‍ഡുകളില്‍ സി.എം.പി നോമിനേഷന്‍ നല്‍കിയെങ്കിലും അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു. നേതൃത്വത്തി​െൻറ സമീപനത്തില്‍ പ്രതിഷേധിച്ച് ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സി.എം.പി. ഈ സാഹചര്യത്തില്‍ ആണിക്കരിയിലെ മത്സരം നിര്‍ണായകമാകും. മുസ്ലിംലീഗ് പോലെ തന്നെ സി.എം.പിക്കും എസ്.ഡി.പി.ഐക്കും നിര്‍ണായക സ്വധീനമുള്ള വാര്‍ഡാണിത്. കഴിഞ്ഞതവണ 100ലേറെ വോട്ടുനേടിയ എസ്.ഡി.പി.ഐ ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ഇത് ആരെ തുണക്കുമെന്ന് കണ്ടറിയണം. ഇത്തരം സാഹചര്യത്തില്‍ സ്വതന്ത്രനെ നിര്‍ത്തി വാര്‍ഡ് പിടിച്ചെടുക്കാനാണ് ഇടതുമുന്നണി ലക്ഷ്യം. ബി.ജെ.പി ഉള്‍പ്പെടെ ത്രികോണ മത്സരമാണ് നടക്കുന്നത്. പുനഃക്രമീകരണത്തില്‍ ഈ വാര്‍ഡിലെ ചില വീടുകള്‍ തൊട്ടടുത്തുള്ള കല്ലൂരിലേക്കും കളറോഡിലെ ചില വീടുകള്‍ ആണിക്കരിയിലേക്കും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞതവണ 1050 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത്തവണ നേരിയ കുറവില്‍ 1042വോട്ടര്‍മാരാണ് ഉള്ളത്. കീച്ചേരി എല്‍.പി സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍. പുതിയ വാർഡിൽ ത്രികോണ മത്സരം മട്ടന്നൂര്‍: ആണിക്കരി, ഉത്തിയൂര്‍, മരുതായി വാര്‍ഡുകളിലെ ഏതാനും വീടുകള്‍ ഉള്‍ക്കൊള്ളിച്ച് രൂപവത്കരിച്ചതാണ് പുതിയ ആറാം വാര്‍ഡായ കല്ലൂര്‍. എന്‍.പി. സുജാത(സി.പി.എം), വസന്തരേഖ(കോണ്‍ഗ്രസ്), എന്‍. വിജില(ബി.ജെ.പി) മത്സരരംഗത്തുള്ളത്. 962 വോട്ടര്‍മാരുള്ള കല്ലൂരിലെ പോളിങ് സ്റ്റേഷന്‍ കല്ലൂര്‍ ന്യൂ യു.പി സ്‌കൂളാണ്. നഗരസഭയുടെ ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ്, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, നഗരസഭ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫ്ലാറ്റ്, നിരവധി ക്ഷേത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ മേഖല വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഏറെ മുന്നിട്ടു നില്‍ക്കുന്ന പ്രദേശമാണ്. സി.പി.എമ്മിന് സ്വാധീനമുള്ള മേഖലകളുണ്ടെങ്കിലും ഇരുമുന്നണികളും അവകാശവാദം ഉന്നയിക്കുന്നതോടൊപ്പം ബി.ജെ.പിയും ഈ പുതിയ വാര്‍ഡില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.