ലൈഫ്​ മിഷൻ: മാനദണ്ഡങ്ങളെ ചൊല്ലി കൗൺസിൽ ​യോഗത്തിൽ തർക്കം

കണ്ണൂർ: ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളെചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ തർക്കം. സ്വന്തമായി റേഷൻ കാർഡുള്ളവരെ മാത്രം പദ്ധതിയിലുൾപ്പെടുത്തി ആനുകൂല്യം നൽകുന്നതുകാരണം അർഹതയുള്ള നിരവധി പേർ പട്ടികയിൽനിന്ന് പുറത്താകുമെന്നും പദ്ധതി വെറും പ്രഹസനം മാത്രമാണെന്നും വിമർശനമുയർന്നു. ലൈഫ് മിഷൻ പദ്ധതിയുടെ കരട് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി സൂക്ഷ്മ പരിശോധന, അപ്പീൽ കമ്മിറ്റികൾ രൂപവത്കരിക്കൽ എന്നിവ സംബന്ധിച്ച് ലൈഫ് മിഷൻ എക്സിക്യൂട്ടിവ് ഒാഫിസറുടെ കത്ത് അജണ്ടയായി വന്നപ്പോഴാണ് വിമർശനമുയർന്നത്. പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കുടുംബശ്രീ നടത്തിയ സർവേ സമ്പൂർണമായിരുന്നില്ലെന്നും കോർപറേഷനിൽ കുടുംബശ്രീ യൂനിറ്റുകളില്ലാത്ത ഇടങ്ങളിൽ സർവേ നടന്നിട്ടില്ലെന്നും കൗൺസിലർ എറമുള്ളാൻ ആരോപിച്ചു. ൈലഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയവരിൽ യോഗ്യതയില്ലെന്നുകാണിച്ച് കരട് പുറത്തുവരുന്നതിനു മുമ്പുതന്നെ നിരവധി പേരെ ഒഴിവാക്കിയതിനെതിരെയും വിർമശനമുയർന്നു. പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നതിന് സർക്കാറിനെ സമീപിക്കണമെന്ന് ചില കൗൺസിലർമാർ ആവശ്യപ്പെട്ടുവെങ്കിലും ഭരണപക്ഷം ഇതിനു തയാറായില്ല. സൂക്ഷ്മ പരിശോധന ചെയ്യുന്നതിനായി മേയർ ചെയർമാനും ഡെപ്യൂട്ടി സെക്രട്ടറി കൺവീനറും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും കൗൺസിലർ എം. ഷഫീഖും അംഗമായുള്ള കമ്മിറ്റി രൂപവത്കരിച്ചതും യോഗം അംഗീകരിച്ചു. ഭവനപദ്ധതികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31വരെ നീട്ടി. അപേക്ഷകരുടെ ലിസ്റ്റ് സംബന്ധിച്ചുള്ള പരിശോധന ആഗസ്റ്റ് അഞ്ച് വരെയായിരിക്കും. പയ്യാമ്പലം ബീച്ചിൽ ഇറിഗേഷൻ വകുപ്പ് നിർമിച്ച സീവാളിന് സമീപത്തായി കഫ്റ്റീരിയ നിർമിക്കുന്നതിനുള്ള ഡി.ടി.പി.സിയുടെ അപേക്ഷയും അംഗീകരിച്ചു. തിടുക്കപ്പെട്ട് അംഗീകാരം കൊടുക്കേണ്ടതില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ വാദം ഉന്നയിച്ചുവെങ്കിലും അനുമതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.