വിടവാങ്ങിയത് നൂറ്റിമൂന്നിലും പോരാട്ട സ്മൃതിയിൽ ജ്വലിച്ച കർമയോഗി

പയ്യന്നൂർ: പയ്യന്നൂരിലെയും പരിസരങ്ങളിലെയും ദേശീയ പ്രസ്ഥാനത്തി​െൻറ ദീപ്തസ്മൃതി പുതുതലമറക്ക് പകർന്നു നൽകാൻ ഇനി കോരൻ മാസ്റ്ററില്ല. 103​െൻറ നിറവിലും ഓർമകൾ ഒളിമങ്ങാതെ നിന്ന വിസ്മയ ജീവിതത്തി​െൻറ സാക്ഷ്യപത്രമായ ഈ പോരാളി ഇനി ആയിരങ്ങളുടെ ഓർമകളിൽ ജീവിക്കും. അടുത്ത നാൾവരെ, തന്നെ സമീപിക്കുന്നവരോട് പഴയകാല ചരിത്രം ഇന്നലെ നടന്നതെന്നപോലെ പറഞ്ഞ കോരൻ മാസ്റ്ററുടെ വേർപാട് നാടിനു നൽകിയ നഷ്ടം ചെറുതല്ല. ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് കോരൻ മാസ്റ്റർ പോരാട്ട വേദിയിൽ സജീവമായത്. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോരൻ മാസ്റ്റർ ഒളിവിലായതിനാൽ പിടികൂടാനായില്ല. രാമന്തളിയിൽ നിന്ന് പയ്യന്നൂരിലേക്കുള്ള ജാഥ തടഞ്ഞ പൊലീസ്, ജാഥാംഗങ്ങളെ അറസ്റ്റ് ചെയ്തു. നേതാക്കളുടെ നിർദേശപ്രകാരം പിറകിലുള്ളവർ ഒളിവിൽ പോയി. രാമന്തളി പുഴക്ക് വടക്കുഭാഗം അന്ന് കർണാടക സംസ്ഥാനത്തി​െൻറ ഭാഗമായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ പുഴ നീന്തിക്കടന്ന് അക്കരെയെത്തും. കർണാടകയിലെത്തി അറസ്റ്റ് ചെയ്യാൻ മദ്രാസ് പൊലീസിന് സാധിക്കില്ല. പുഴ പലപ്പോഴും ഷെൽട്ടറായി മാറിയതായി മാസ്റ്റർ പറയാറുണ്ട്. 1914 ജൂലൈ 26ന് രാമന്തളി പൂച്ചാലിലാണ് ജനിച്ചത്. എട്ടിക്കുളം ബോർഡ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എരിപുരം ഹയർ സെക്കൻഡറി എലിമെൻട്രി സ്കൂളിൽ ഹൈസ്കൂൾ പഠനം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ആദ്യം പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കു നടന്ന പ്രതിഷേധ മാർച്ചിലും തുടർന്ന് കള്ളുഷാപ്പു പിക്കറ്റിങ്ങിലും സജീവമായി പങ്കെടുത്തു. ക്ലാസ് ഒഴിവാക്കി സമരത്തിനിറങ്ങിയതിനാൽ ഹാജർ കുറഞ്ഞു. ഇതോടെ അധികൃതർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചു. അതുകൊണ്ട് ഒരു വർഷം കൂടി എട്ടാംതരത്തിൽ ഇരിക്കേണ്ടി വന്നതായി മാസ്റ്റർ പറഞ്ഞിരുന്നു. കേരള സംസ്ഥാനം രൂപം കൊള്ളുന്നതു വരെ പഞ്ചായത്തുതല തർക്ക പരിഹാര കോടതിയിൽ ന്യായാധിപ സ്ഥാനം വഹിച്ചത് മാസ്റ്ററായിരുന്നു. കോരൻ മാസ്റ്ററുടെ നൂറാം പിറന്നാൾ വീട്ടിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയെത്തി ആഘോഷിച്ചിരുന്നു. അവസാന കാലം വരെ കോൺഗ്രസിൽ അടിയുറച്ചുനിന്ന് ഖദറി​െൻറ വിശുദ്ധി കാത്തു സൂക്ഷിക്കാനായി എന്നതാണ് ഈ സമര സേനാനിയുടെ ജീവിതം വ്യതിരിക്തമാക്കുന്നത്. കോൺഗ്രസുകാരൻ ആയിരുന്നപ്പോഴും എല്ലാവരോടും ഒരുപോലെ പെരുമാറുക വഴി എതിരാളികൾക്കുപോലും അദ്ദേഹം ബഹുമാനിതനായി. രാഷ്ട്രീയ അപചയങ്ങളിൽ അതൃപ്തി അറിയിക്കാനും അദ്ദേഹം പിശുക്കു കാണിച്ചിരുന്നില്ല. 103 തികയാൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് മരണം. ഉച്ചക്ക് ഒരു മണിയോടെ പയ്യന്നൂർ ഗാന്ധി പാർക്കിൽ പൊതു ദർശനത്തിനുവെച്ച മൃതദേഹത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ത്രിവർണ പതാക പുതപ്പിച്ചു. സി. കൃഷ്ണൻ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ, പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പി.വി. കുഞ്ഞപ്പൻ, കോൺഗ്രസ് നേതാക്കളായ എം.നാരായണൻകുട്ടി, വി.എൻ എരിപുരം, എം.കെ. രാജൻ, എം.പി. ഉണ്ണികൃഷ്ണൻ, എ.പി.നാരായണൻ, ബി.ജെ.പി നേതാവ് പി.പി.കരുണാകരൻ മാസ്റ്റർ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.