മുഴപ്പിലങ്ങാട്​ കുടുംബാരോഗ്യകേന്ദ്രം വരുന്നു; പ്രതീക്ഷയോടെ നാട്ടുകാർ

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ടെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബ ആരോഗ്യകേന്ദ്രമാക്കി ഉയർത്താനുള്ള തീരുമാനത്തിൽ പ്രതീക്ഷയോടെ നാട്ടുകാർ. ആർദ്രം മിഷ​െൻറ ഭാഗമായുള്ള പദ്ധതിയിലുൾപ്പെടുത്തിയാണ് ധർമടം നിയോജകമണ്ഡലത്തിലെ ഈ പി.എച്ച്.സി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നത്. ഇതുസംബന്ധിച്ച ഔപചാരികപ്രഖ്യാപനം കഴിഞ്ഞദിവസം നടന്ന ജനകീയ കൺവെൻഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് നിർവഹിച്ചു. കുടുംബാരോഗ്യകേന്ദ്രമായി വികസിപ്പിക്കുന്നതോടെ വിപുലമായ സൗകര്യങ്ങളാണ് ലഭ്യമാവുക. ആധുനിക ലാബ് സൗകര്യം, വിപുലമായ ഫാർമസി, ഡൻറൽ ഡോക്ടറുടെ സേവനം, കൗൺസലിങ് ക്ലിനിക്, സ്ത്രീകൾക്കും പുരുഷന്മാരും വെവ്വേറെ ഒബ്സർവേഷൻ മുറി, വെയിറ്റിങ് റൂം, യോഗ സ​െൻറർ, കുട്ടികൾക്ക് കളിസ്ഥലം എന്നിവ ഇതിൽെപടുന്നു. ഒ.പി സമയം വൈകീട്ട് ആറുവരെ നീട്ടുകയും പഞ്ചായത്തിലെ മുഴുവനാളുകളുടെയും ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. നിലവിലുള്ള ഡോക്ടർമാർക്കും സ്റ്റാഫിനും പുറമേ സർജൻ, ലാബ് ടെക്നീഷ്യൻ, രണ്ടു സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിൽ നിയമനം നടത്തിക്കഴിഞ്ഞു. 19 ലക്ഷം രൂപയാണ് ആരോഗ്യകേന്ദ്രം വികസിപ്പിക്കുന്നതിന് ആർദ്രം മിഷനിൽ അനുവദിച്ചത്. ഇതിൽ 13 ലക്ഷം അടിസ്ഥാനസൗകര്യ വികസനത്തിനും ആറു ലക്ഷം ലാബ് സ്ഥാപിക്കുന്നതിനുമാണ്. പ്രോജക്ട് പൂർണമായി നടപ്പിൽവരുത്തുന്നതിന് ആവശ്യമായ ബാക്കി 20 ലക്ഷം രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണുദ്ദേശ്യം. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ചെയർമാനും മെഡിക്കൽ ഓഫിസർ ഡോ. എ. അതുല്യ കൺവീനറുമായി രൂപവത്കരിച്ച ജനകീയസമിതി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തീരദേശഗ്രാമമായ മുഴപ്പിലങ്ങാട്ട് 1980ലാണ് ഫിഷറീസ് ഡിസ്പെൻസറിയായി ഈ സർക്കാർ ആതുരാലയം വാടകക്കെട്ടിടത്തിൽ ആരംഭിച്ചത്. തുടർന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും വൈകാതെ പ്രാഥമികാരോഗ്യകേന്ദ്രമായി ഉയർത്തുകയും ചെയ്തു. 2003ൽ കിടത്തിച്ചികിത്സ തുടങ്ങാൻ സർക്കാർ തീരുമാനിക്കുകയും 10 ബെഡോടെ ഐ.പി വിഭാഗം അനുവദിക്കുകയും ചെയ്തിരുന്നു. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ആവശ്യമായ ഉപകരണങ്ങൾ ഒരുക്കുകയും ഉദ്ഘാടന തീയതിവരെ നിശ്ചയിക്കുകയും ചെയ്തെങ്കിലും സാങ്കേതികകാരണങ്ങളുടെ പേരിൽ നടപ്പാകാതെപോയി. കുടുംബാരോഗ്യകേന്ദ്രമായി വികസിപ്പിക്കുന്ന സാഹചര്യത്തിൽ മുമ്പുപ്രഖ്യാപിച്ച കിടത്തിച്ചികിത്സകൂടി തുടങ്ങണമെന്ന ആവശ്യമുയരുന്നുണ്ട്. മുഴപ്പിലങ്ങാട്ടെ പൗരപ്രമുഖനായ ടിപ് ടോപ് അബൂബക്കർ ഹാജി സംഭാവന നൽകിയ അരയേക്കർ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന് ഇദ്ദേഹത്തി​െൻറ പേരുനൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ചിങ്ങം ഒന്നിന് ഫാമിലി ഹെൽത്ത് സ​െൻററായി പ്രഖ്യാപിക്കാനാണ് ഒരുക്കം നടക്കുന്നത്. അതിനിടെ, ആശുപത്രി വികസനവിഷയത്തിൽ പഞ്ചായത്തധികൃതർ രാഷ്ട്രീയം കളിക്കുന്നുവെന്നും തങ്ങളെ ഉൾപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. എന്നാൽ, ബന്ധപ്പെട്ടവർ ഇത് നിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.