സ്കൂളിലേക്ക് പോകവെ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

പെരിങ്ങത്തൂർ: സ്കൂളിലേക്ക് പോകെവ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ തട്ടി ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി പാനൂര്‍ എലാങ്കോട് വയലിൽപീടികയിൽ ദാവൂദി​െൻറ മകൻ ഫത്തീം ശബാബാണ് (15) മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഒാടെയാണ് സംഭവം. പുലർച്ചെ വൈദ്യുതിലൈൻ പൊട്ടിവീണത് പെരിങ്ങത്തൂര്‍ വൈദ്യുതി ഒാഫിസിൽ അറിയിച്ചിട്ടും ജീവനക്കാർ എത്താൻ വൈകിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സംഭവത്തെ തുടർന്ന് പ്രകോപിതരായ വിദ്യാർഥികൾ പെരിങ്ങത്തൂർ കെ.എസ്.ഇ.ബി ഓഫിസ് തല്ലിത്തകർക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ കലക്ടർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരരംഗത്തിറങ്ങിയത്. സ്ഥലത്തെത്തിയ െഡപ്യൂട്ടി തഹസിൽദാറും തലശ്ശേരി ഡിവൈ.എസ്.പിയും വിദ്യാർഥികളുമായി ചർച്ചനടത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും സസ്പെൻഡ് ചെയ്തതായി അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. രണ്ടര മണിക്കൂറോളം വിദ്യാർഥികൾ സമരം നടത്തി. ഓവർസിയർ പി. പ്രമോദ്, ലൈൻമാൻമാരായ എം.ടി.കെ. മനോജ്, പി. അജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, വൈദ്യുതിയില്ലെന്ന് മാത്രമാണ് അറിയിച്ചതെന്നും കമ്പി പൊട്ടിവീണ വിവരം പറഞ്ഞില്ല എന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ടെലിഫോൺ രേഖകൾ പരിശോധിക്കാമെന്നും അവർ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ ഫത്തീം ശബാബി​െൻറ മൃതദേഹം എൻ.എ.എം.ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ പൊതുദർശനത്തിനു വച്ചു. സുഹൃത്തുക്കളും നാട്ടുകാരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. മരിച്ച വിദ്യാർത്ഥിയോടുള്ള ആദരസൂചകമായി പെരിങ്ങത്തൂരിലെ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് വരെ അടച്ചിട്ടു. സാബിറയാണ് ഫത്തീം ശബാബി​െൻറ മാതാവ്. സഹോദരങ്ങൾ: ഫർസീന, സൈദാൻ, ഷിഫ മെഹറിൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.