മാഹി: മുഴപ്പിലങ്ങാട്--മാഹി ബൈപാസ് പദ്ധതിയിലെ മാഹിയിലെ ഭൂവുടമകളുടെ ദുരിതത്തിന് അറുതിയാകുമെന്ന് പ്രതീക്ഷ. കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരിയുമായി ഡല്‍ഹിയില്‍ കർമസമിതി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് അനുകൂലതീരുമാനം. പുതുച്ചേരി സെഷൻസ് കോടതിയിൽ ദേശീയപാതാവിഭാഗം ഫയൽ ചെയ്ത അപ്പീൽ ഹരജി പിൻവലിക്കാനും തീരുമാനിച്ചു. കർമസമിതി ഭാരവാഹികൾ ഡോ. വി. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. ഹൈവേ അതോറിറ്റിയും ഭൂവുടമകളും തമ്മില്‍ നഷ്ടപരിഹാരത്തുക സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം ഉടനെ പരിഹരിക്കണം. ഇതിന് ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഫോര്‍മുല തയാറാക്കണം. പുതുച്ചേരിസര്‍ക്കാര്‍ ഇതിനു മുന്‍കൈ എടുക്കണം. ജില്ല കലക്ടറുടെ നേതൃത്വത്തിലാണ് ഫോര്‍മുല തയാറാക്കേണ്ടത്. പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹൈവേ അതോറിറ്റി നല്‍കിയ കേസിനുള്ള സാങ്കേതികത്വം എത്രയുംപെട്ടെന്ന് പരിഹരിക്കാൻ മന്ത്രി ഹൈേവ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു. പുതുച്ചേരി എം.പി ആർ. രാധാകൃഷ്ണൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഹൈേവ അതോറിറ്റി അംഗം സെക്രട്ടറി താവഡെ, ബി.ജെ.പി മാഹി മണ്ഡലം പ്രസിഡൻറ് സത്യൻ ചാലക്കര, വിജയൻ പുവച്ചേരി, കർമസമിതി ഭാരവാഹികളായ ടി.കെ. ഗംഗാധരൻ, അഡ്വ. ടി. അശോക് കുമാർ തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ നവംബർ 17നും കേന്ദ്രമന്ത്രിയുമായി കർമസമിതി ഭാരവാഹികൾ ചർച്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് ബുധനാഴ്ച വീണ്ടും ഡൽഹിയിൽ കൂടിക്കാഴ്ച നടന്നത്. ജില്ലതല പർച്ചേസിങ് കമ്മിറ്റി ഭൂവുടമകൾക്ക് നിശ്ചയിച്ച നഷ്ടപരിഹാരത്തുക 74 കോടിയായിരുന്നു. എന്നാൽ, ഈ തുക അധികമാണെന്ന് കാണിച്ചാണ് ദേശീയപാതാവിഭാഗം ആർബിട്രേറ്ററെ സമീപിച്ചത്. ഭൂവുടമകളുടെ ദുരിതവും 38 വർഷത്തെ കാലതാമസവും കണക്കിലെടുത്ത് ആർബിട്രേറ്റർ നഷ്ടപരിഹാരത്തുക 138.5 കോടിയായി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാൽ, ആർബിട്രേഷന്‍ ക്രമപ്രകാരമല്ല പ്രവർത്തിച്ചതെന്നും തുക നൽകാനാവില്ലെന്നും കാണിച്ചാണ് ദേശീയപാതാവിഭാഗം പുതുച്ചേരി സെഷൻസ് കോടതിയിൽ അപ്പീൽ ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.