മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്: പുതുമുഖങ്ങളെയും പ്രമുഖരെയും ഇറക്കി ഇടതുമുന്നണി; പുരുഷോത്തമന്‍ ഉപാധ്യക്ഷ സ്ഥാനാര്‍ഥി

മട്ടന്നൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ പുതുമുഖങ്ങളും ഒട്ടേറെ പ്രഗല്ഭരും സ്ഥാനാര്‍ഥികളാകും. മുന്‍ ഏരിയ സെക്രട്ടറിയും ഇപ്പോള്‍ സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ മത്സരരംഗത്തെ പുതുമുഖം പി. പുരുഷോത്തമന്‍ ഉപാധ്യക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇദ്ദേഹത്തിനു പുറമെ വി.കെ. സുഗതൻ, പി.എസ്. ശ്രീജിത്ത്, കെ. റോജ, മനോജ് പെരിഞ്ചേരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ സഹോദരി നന്ദിനി തുടങ്ങി ചിലരും പുതുമുഖങ്ങളായി മത്സരരംഗത്തുണ്ടാകും. ചെയർപേഴ്സൻ സ്ഥാനത്തേക്ക് നിലവിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത വേണുവിനെയാണ് പാർട്ടി നിർദേശിക്കുന്നത്. സ്ഥാനാര്‍ഥികളെ ഇന്ന് വൈകീട്ട് നടക്കുന്ന എൽ.ഡി.എഫ് കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് എൽ.ഡി.എഫ് ലക്ഷ്യം. നിലവിലെ കൗണ്‍സിലര്‍മാരില്‍ വി.പി. ഇസ്മായിൽ, അനിത വേണു, ഷാഹിന സത്യൻ, പുതിയ കൗണ്‍സിലര്‍ എ.കെ. സുരേഷ്‌ കുമാര്‍ എന്നിവര്‍ വീണ്ടും മത്സരിക്കും. ഇവര്‍ക്കുപുറമെ നിലവിലുള്ള മറ്റുചിലരും മത്സര രംഗത്തുണ്ടാകുമെന്നറിയുന്നു. ഘടകകക്ഷിയായ സി.എം.പിയിലെ സി.വി. ശശീന്ദ്രന് ഉറച്ച വാര്‍ഡ് തന്നെ നല്‍കാനാണ് സാധ്യത. പൊറോറ, കീച്ചേരി എന്നിവയില്‍ ഏതെങ്കിലും നല്‍കാനാണ് സാധ്യത. ഇടതുമുന്നണി 28 സീറ്റ് കരസ്ഥമാക്കുന്ന തരത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം. അതുകൊണ്ടുതന്നെയാണ് പല പ്രമുഖരെയും രംഗത്തിറക്കുന്നത്. ഐക്യമുന്നണി സ്ഥാനാർഥി നിർണയ ചര്‍ച്ച പുരോഗമിക്കുകയാണ്. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വിജയ സാധ്യതയുള്ള പല വാര്‍ഡുകളിലും ഒന്നില്‍കൂടുതല്‍ പേര്‍ മത്സര രംഗത്തുള്ളതാണ് പ്രതിസന്ധിയായത്. കഴിഞ്ഞതവണ മട്ടന്നൂര്‍ ടൗണില്‍ മത്സരരംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം വഴിമാറിയ കെ.വി. ജയചന്ദ്ര​െൻറ പേരാണ് ഇക്കുറിയും മട്ടന്നൂരില്‍ പറഞ്ഞു കേള്‍ക്കുന്നത്. ഒരു മണ്ഡലം നേതാവിനും മുന്‍ കൗണ്‍സിലര്‍ എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും താൽപര്യമുള്ളതിനാല്‍ ചര്‍ച്ചയിൽ തീരുമാനമായില്ല. ഏതായാലും 20ന് കയനിയില്‍ കെ.പി.സി.സി പ്രസിഡൻറ് പങ്കെടുക്കുന്ന കുടുംബ സംഗമത്തില്‍ ഐക്യമുന്നണി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. എൻ.ഡി.എ സ്ഥാനാര്‍ഥികളില്‍ നാലുപേര്‍ കഴിഞ്ഞ ദിവസം പത്രിക നല്‍കി. 35 വാര്‍ഡുകളില്‍ മത്സരിക്കുന്ന എൻ.ഡി.എ മുന്നണി ഇന്നും നാളെയുമായി പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കും. വെല്‍ഫെയര്‍ പാര്‍ട്ടി നാല് വാര്‍ഡുകളില്‍ മത്സരിക്കാനാണ് നീക്കം. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പുരോഗമിക്കുകയാണ്. പത്രിക സമര്‍പ്പണത്തി​െൻറ അവസാന ദിവസമായ 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഇവരുടെ ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.