തടവുകാരെ വിട്ടയക്കൽ: പട്ടിക തയാറാക്കുന്ന നടപടി തുടരാമെന്ന്​ ഹൈകോടതി

കൊച്ചി: ശിക്ഷയിളവ് നൽകി വിട്ടയക്കേണ്ട തടവുകാരുടെ പട്ടിക തയാറാക്കുന്ന നടപടിക്രമങ്ങൾ തുടരാൻ ഹൈകോടതിയുടെ അനുമതി. ഇപ്പോൾ മന്ത്രിസഭ ഉപസമിതിയുടെ പരിഗണനയിലുള്ള പട്ടിക തയാറാക്കൽ നടപടി പൂർത്തിയാക്കി മന്ത്രിസഭക്ക് സമർപ്പിക്കാനും മന്ത്രിസഭ അംഗീകരിച്ചശേഷം ഗവർണർക്ക് നൽകാനും ഗവർണറുടെ അനുമതിയോടെ തിരികെ സർക്കാറിന് കൈപ്പറ്റാനും തടസ്സമില്ല. അതേസമയം, പട്ടികയുടെ അടിസ്ഥാനത്തിൽ ശിക്ഷയിളവ് അനുവദിക്കുന്നത് കോടതിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂ. ശിക്ഷ പൂർത്തിയാക്കാതെ ഇളവ് നൽകി തടവുകാരെ വിട്ടയക്കരുതെന്ന ഇടക്കാല ഉത്തരവ് നിലവിെല സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കോടതി പ്രത്യേകാനുമതി നൽകിയിട്ടുള്ളത്. കേരളപ്പിറവിയാഘോഷത്തി​െൻറ പേരിൽ തടവുകാരെ ശിക്ഷയിളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തൃശൂരിലെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികൾക്ക് 14 വർഷത്തെ തടവു പൂർത്തിയാക്കാതെ ശിക്ഷയിളവ് പരിഗണിക്കില്ലെന്നും കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങൾ തടയൽ നിയമപ്രകാരം (പോക്സോ) ജയിലിലുള്ളവർക്ക് ഇളവ് അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിയമ സെക്രട്ടറി നൽകിയ മാർഗനിർദേശങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ വിട്ടയക്കേണ്ടവരുടെ പട്ടിക തയാറാക്കുന്നത്. ഒാരോ കേസും പ്രത്യേകം പരിഗണിച്ചാണ് അർഹത നിശ്ചയിക്കുന്നത്. ഇൗ രീതിയിൽതന്നെ പട്ടിക തയാറാക്കി നടപടി പൂർത്തിയാക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അതേസമയം, കണ്ണൂർ െസൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അർബുദബാധിതനായ തടവുകാരനെ വിട്ടയക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാൻ കോടതി സർക്കാറിന് അനുമതി നൽകി. മഞ്ചേരി അഡീ. സെഷൻസ് കോടതി 2006 ഡിസംബർ 28ന് ശിക്ഷ വിധിച്ച സൈനുദ്ദീൻ എന്ന തടവുകാരനെ വിട്ടയക്കുന്ന കാര്യത്തിലാണ് കോടതി അനുകൂല നിലപാട് വ്യക്തമാക്കിയത്. മരണാസന്നനായ തന്നെ വിട്ടയക്കണമെന്ന് കാണിച്ച് ഇയാൾ അപേക്ഷ നൽകിയിരുന്നു. ശിക്ഷയിളവുകൾ ഉൾപ്പെടെ 16 വർഷം ഏഴുമാസം 14 ദിവസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. അേപക്ഷ അംഗീകരിച്ച് വിട്ടയക്കാൻ സർക്കാർ കോടതിയുടെ അനുമതി തേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.