കലക്ടറുടെ ഉത്തരവ്​ നടപ്പായില്ല; നഴ്​സിങ്​ വിദ്യാർഥികൾ ജോലിക്ക്​ എത്തിയില്ല

പരിയാരത്ത് പ്രത്യക്ഷ പ്രതിഷേധവുമായി വിദ്യാർഥിനികൾ കണ്ണൂർ: കണ്ണൂരിലെ നഴ്സുമാരുടെ സമരം നഴ്സിങ് വിദ്യാർഥികളെ ഉപയോഗിച്ച് നേരിടാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് നടപ്പായില്ല. അതേസമയം, നിരോധനാജ്ഞ ലംഘിച്ച് നഴ്സുമാരുടെ സമരം ജില്ലയിലെ ഒമ്പത് സ്വകാര്യ ആശുപത്രികളിലും 19ാം ദിവസവും തുടർന്നു. സമരത്തിന് പിന്തുണയുമായി കൂടുതൽപേർ രംഗത്തെത്തുകയും ചെയ്തു. നഴ്സിങ് വിദ്യാർഥികളെ സ്വകാര്യ ആശുപത്രികളിൽ നിയോഗിക്കണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ പരിയാരത്തെ നഴ്സിങ് വിദ്യാർഥികൾ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തെത്തിയതും ജില്ല ഭരണകൂടത്തിന് തിരിച്ചടിയായി. പരിയാരം സഹകരണ നഴ്സിങ് കോളജിലെ വിദ്യാർഥികളാണ് സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് ഹാജരാവണമെന്ന ഉത്തരവ് ലംഘിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ പരിയാരത്ത് നിന്നുള്ള വിദ്യാർഥികളെ പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. നഴ്സുമാർ സമരത്തിലായതിനാൽ ജില്ലയിലെ നഴ്സിങ് കോളജുകളിലെ ഒന്നാംവർഷക്കാർ ഒഴികെയുള്ള വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ല കലക്ടർ കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഗവ.നഴ്സിങ് സ്കൂൾ ഉൾപ്പെടെ എട്ട് നഴ്സിങ് സ്കൂളുകളിൽ നിന്നായി 200ഓളം വിദ്യാർഥികളെ തിങ്കളാഴ്ച മുതൽ 21വരെ വിവിധ ആശുപത്രികളിൽ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. ഉത്തരവനുസരിച്ച് ഗവ. നഴ്സിങ് സ്കൂളിലെയും മാങ്ങാട്ടുപറമ്പ് സീമെറ്റ് നഴ്സിങ് കോളജിലെയും 111 വിദ്യാർഥികൾ ജില്ല ആശുപത്രിയിലും മാങ്ങാട്ടുപറമ്പിലെ അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലുമായി ജോലിയിൽ പ്രവേശിച്ചതായി ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. എന്നാൽ, എ.കെ.ജി സഹകരണ നഴ്സിങ് കോളജിലെ വിദ്യാർഥികളെ വിട്ടുനൽകാനാവില്ലെന്ന് അധികൃതർ കഴിഞ്ഞദിവസം തന്നെ കലക്ടറെ അറിയിച്ചതായി സെക്രട്ടറി അറിയിച്ചു. ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിൽ സമരം നടക്കുന്നതിനാൽ എ.കെ.ജി ആശുപത്രിയിൽ രോഗികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പഴയങ്ങാടി ക്രസൻറ് കോളജ് ഒാഫ് നഴ്സിങ് സ്കൂളിലെ വിദ്യാർഥികൾ കണ്ണൂരിലെ സ്പെഷാലിറ്റി ആശുപത്രിയിലെത്തിയെങ്കിലും ഡ്യൂട്ടിക്ക് ഹാജരാവാതെ മടങ്ങി. സ്വകാര്യ ആശുപത്രികളായ കൊയിലി, തളിപ്പറമ്പ് ലൂർദ് എന്നിവിടങ്ങളിൽ ഇതേ സ്ഥാപനത്തി​െൻറ കീഴിലുള്ള നഴ്സിങ് കോളജുകളിൽ നിന്നുള്ള വിദ്യാർഥികളെ കലക്ടറുടെ ഉത്തരവനുസരിച്ച് ജോലിക്ക് ഹാജരാക്കിയതായി അതത് നഴ്സിങ് കോളജ് മേലധികാരികൾ കലക്ടർക്ക് റിപ്പോർട്ട് നൽകി. വിദ്യാർഥികളെ ഉപയോഗിച്ച് ആശുപത്രികൾ പ്രവർത്തിപ്പിക്കാനുള്ള ജില്ല ഭരണകൂടത്തി​െൻറ തീരുമാനത്തെത്തുടർന്ന് സമരം നടക്കുന്ന ആശുപത്രികൾക്ക് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. വിദ്യാർഥികൾ ജോലിക്ക് ഹാജരായാൽ സമരത്തിൽ പെങ്കടുക്കുന്നവരുടെയും സമരത്തെ സഹായിക്കാൻ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സമരസഹായ സമിതിയുടെയും ഇടപെടലുകളുണ്ടാകുമെന്ന വിവരത്തെത്തുടർന്നാണ് സ്വകാര്യ ആശുപത്രികൾക്ക് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.