പയ്യന്നൂർ: പുല്ലാങ്കുഴലിൽ പിറന്ന പാട്ടുമായി പിതാവു നടന്നു. കാലിടറാതെ, സ്വരം പതറാതെ. ഒപ്പം മകനും കുഴലുമായി സഞ്ചരിച്ചപ്പോൾ പാരമ്പര്യത്തിെൻറ, തലമുറ കൈമാറുന്ന, സുന്ദര സ്വരവിന്യാസത്തിെൻറ നേർസാക്ഷികളാവുകയായിരുന്നു അയോധ്യ ഓഡിറ്റോറിയത്തിലെ പ്രേക്ഷകർ. ഒരു മുളംതണ്ടുകൊണ്ട് ലോകം കീഴടക്കിയ സംഗീതജ്ഞൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും മകൻ രാകേഷ് ചൗരസ്യയുമാണ് 14ാമത് തുരീയം സംഗീതോത്സവത്തിന് രാഗവിളക്കിെൻറ പ്രഭ ചൊരിഞ്ഞത്. പത്താം രാവിന് തിളക്കമേറ്റിയത് ഹിന്ദുസ്ഥാനി രാഗങ്ങളുടെ സുന്ദര സഞ്ചാരങ്ങൾ. 'യമനി'ലായിരുന്നു തുടക്കം. സുവർണ ശോഭ പൂത്തുലഞ്ഞവേദിയിൽ മഹാഗായകെൻറ മഹനീയ സാന്നിധ്യം തന്നെ ആസ്വാദക വൃന്ദത്തിന് ആനന്ദത്തിെൻറ ആവേശത്തിരയിളക്കത്തിനു കാരണമായി. പുല്ലാങ്കുഴൽ കൈയിലെടുത്തപ്പോൾ നിർത്താത്ത കൈയടി. പ്രായം കലക്ക് കീഴടങ്ങിയതായാണ് പിന്നീട് കണ്ടത്. കുഴൽ അധരത്തോടടുത്തപ്പോൾ രാഗങ്ങളുടെ പെരുമഴ പെയ്തിറങ്ങി. സർഗ സഞ്ചാരത്തിെൻറ ധന്യതക്കൊപ്പം വിരലുകൾ കൂടി ചലിച്ചപ്പോൾ പാഴ്മുളംതണ്ടിന് നാവു മുളച്ച പ്രതീതി. ഒപ്പം സഹായിയായി രാകേഷും കൂടി കുഴൽ കൈയിലെടുത്തതോടെ സ്വരങ്ങൾ കൈവഴികളായൊഴുകി. കസർത്തുകളില്ലാതെ, അഹന്തയുടെ കണികകൾ തീണ്ടാതെ, സംഗീത കുലഗുരുവിെൻറ കുഴൽ പകർന്നു നൽകിയത് ശുദ്ധസംഗീതത്തിെൻറ സൗമ്യഭാവം. പിതാവും മകനും തീർത്ത രാഗസമന്വയത്തിന് തബലയിൽ തണൽ വിരിച്ചത് വിജയ് ഘാട്ടെ പുണെയായിരുന്നു. പത്താം ദിനം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാൽ മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തിെൻറ തുരീയം സംഗീതോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് അഞ്ചു മണിക്ക് അശ്വിനിബിഡേ ദേശ്പാണ്ഡെ ഹിന്ദുസ്ഥാനി സംഗീതമവതരിപ്പിക്കും. തുടർന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ഭാഷണം നടത്തും. രാത്രി എട്ടുമണിക്ക് നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെയായിരിക്കും ഈ വർഷത്തെ സംഗീത വിളക്കിെൻറ തിരിതാഴുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.