ഭീതിയൊഴിയാതെ കടലോര ഗ്രാമം

പയ്യന്നൂർ: രാഷ്ട്രീയ അക്രമം നടന്ന എട്ടിക്കുളം, കക്കം പാറ ഗ്രാമങ്ങളിൽ ഭീതിയൊഴിയുന്നില്ല. പൊലീസ് കാവലുണ്ടെങ്കിലും ഏതു നിമിഷവും അക്രമം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ. സ്വന്തം വീട്ടിൽ പോലും സുരക്ഷിതത്വമില്ല എന്നതാണ് അവസ്ഥ. കക്കം പാറയിൽ ഇരുവിഭാഗത്തിലും പെട്ട നിരവധി പേർ മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ 11ന് ശേഷം കടലിൽ പോയിട്ടില്ലെന്ന് തൊഴിലാളികൾ 'മാധ്യമ'ത്തോടു പറഞ്ഞു. പുലർച്ചെ നാലുമണിക്കാണ് കടലിൽ പോകേണ്ടത്. ഈ സമയത്ത് പുറത്തിറങ്ങാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് ഒരു തൊഴിലാളി പറഞ്ഞു. ആളുമാറി ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇവർ പറയുന്നത്. രാത്രി തിരിച്ച് വീട്ടിലേക്ക് വരാനും ബുദ്ധിമുട്ടാണ്. 11ന് എട്ടിക്കുളത്തും കക്കംപാറയിലുമായി എട്ടുവീടുകളാണ് തകർത്തത്. കക്കംപാറയിൽ മാത്രം അഞ്ചു വീടുകൾ തകർത്തു. സാധാരണക്കാർക്കാണ് വീട് നഷ്ടമായത്. വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നതായും വീട്ടുകാർ പറയുന്നു. ആറരയോടെയാണ് അക്രമം തുടങ്ങിയത്. വീട്ടുകാരെ പുറത്താക്കിയ ശേഷം കണ്ണിൽക്കണ്ടതെല്ലാം തകർത്താണ് അക്രമികൾ സ്ഥലംവിട്ടത്. ഭയരഹിതമായി ജോലിക്കു പോകാൻ സാധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പയ്യന്നൂരിൽ 15ഓളം വീടുകളാണ് അക്രമത്തിനിരയായത്. ആർ.എസ്.എസ് ജില്ല കാര്യവാഹക് രാജേഷി​െൻറ വീട് കത്തിച്ചു. രണ്ടു ബസുകളും ബൈക്കും അഗ്നിക്കിരയാക്കുകയും ഗുഡ്സ് ഓട്ടോ തകർക്കുകയും ചെയ്തു. സമാധാനം നിലനിന്ന അന്നൂർ, കാര പ്രദേശങ്ങളിൽ ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞില്ല. ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് പയ്യന്നൂർ വീണ്ടും സംഘർഷഭൂമിയായത്. നേരത്തെ തകർത്ത വീടുകളാണ് ഇക്കുറിയും അക്രമത്തിനിരയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.