മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി

മട്ടന്നൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന് ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ മുന്നണികള്‍ സജീവമായി. ചെറുകക്ഷികള്‍ മട്ടന്നൂരില്‍ തങ്ങളുടെ ശക്തിയും സീറ്റുകള്‍ സംബന്ധിച്ചുള്ള അവകാശവാദവും മുന്നണി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു. എല്‍.ഡി.എഫ് യോഗം ഇന്നലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്നു. സ്ഥാനാർഥി ചര്‍ച്ച നടന്നില്ല. 19ന് വൈകീട്ട് 3.30ന് പി.പി. ഗോവിന്ദന്‍ സ്മാരക ഹാളില്‍ നടക്കുന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ മുന്നണികളിലെ കക്ഷികളുടെ സീറ്റ് ചര്‍ച്ച വെേവ്വറെ നടത്തും. സി.പി.എം ജില്ല കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍, ഏരിയ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. യു.ഡി.എഫ് യോഗത്തില്‍ സീറ്റ് ധരണയായില്ല. ചര്‍ച്ച പുരോഗമിക്കുന്നു. ഇടതുമുന്നണിയില്‍ കഴിഞ്ഞതവണ സി.പി.എമ്മിന് പുറമേ ഒരു സി.പി.ഐ അംഗവും ഉണ്ടായിരുന്നു. ഇത്തവണ സി.പി.ഐക്ക് സിറ്റിങ് സീറ്റുതന്നെ നല്‍കാനാണ് സാധ്യത. മറ്റു ഘടക കക്ഷികളായ സി.എം.പി, ഐ.എന്‍.എല്‍, ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ്, ആര്‍.എസ്.പി തുടങ്ങിയ കക്ഷികളില്‍ ആര്‍ക്കൊക്കെ സീറ്റു ലഭിക്കുമെന്ന് വ്യക്തമല്ല. ചില കക്ഷികള്‍ സീറ്റ് വേണ്ടെന്ന അഭിപ്രായമുള്ളവരുമാണ്. യു.ഡി.എഫിൽ കഴിഞ്ഞതവണ കോണ്‍ഗ്രസിനു പുറമേ അഞ്ച് മുസ്ലിം ലീഗ് അംഗങ്ങളും രണ്ട് സി.എം.പി അംഗങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ സീറ്റുകള്‍ തന്നെ ഇവര്‍ക്കു ലഭിച്ചേക്കുമെങ്കിലും സി.എം.പി പിളര്‍ന്ന് ഇരുമുന്നണിയിലുമായ സാഹചര്യത്തില്‍ സീറ്റി​െൻറ എണ്ണം കുറക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. മറ്റു ഘടകകക്ഷികളായ ആര്‍.എസ്.പിക്കും സീറ്റ് ലഭിച്ചേക്കും. ജനതാദള്‍ യു മത്സരിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞതവണ പരിയാരം വാര്‍ഡില്‍ ഇടതുമുന്നണിയുടെ വി.എന്‍. സത്യേന്ദ്രനാഥിന് 499 വോട്ട് ലഭിച്ചപ്പോള്‍ 73 വോട്ട് മാത്രമാണ് ജനതാദള്‍ യുവിന് ലഭിച്ചത്. യു.ഡി.എഫ് വോട്ടുപോലും പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. ഇതിനിടെ, കഴിഞ്ഞ തവണ സി.എം.പി വിജയിച്ച ആണിക്കരി വാര്‍ഡിനായി മുസ്ലിം ലീഗ് രംഗത്തുവരാൻ സാധ്യതയുണ്ട്. ഇവിടെ കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർഥിയായി ആദ്യഘട്ടത്തില്‍ നോമിനേഷന്‍ നല്‍കിയ എം.കെ. നജ്മ പിന്നീട് നോമിനേഷന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും പിന്‍വലിക്കാത്തത് ഐക്യമുന്നണിക്കകത്ത് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു പ്രചാരണം നടന്നത്. സി.എം.പിയിലെ കെ. ഉഷക്ക് 276 വോട്ട് ലഭിച്ച് വിജയിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ നജ്മക്ക് 266 വോട്ട് ലഭിച്ചിരുന്നു. 10 വോട്ടിനാണ് നജ്മ പരാജയപ്പെട്ടത്. ഇതും ലീഗ് അവകാശവാദമുന്നയിക്കാനുള്ള കാരണമാണ്. ഇവിടെ സി.പി.എമ്മിലെ സി. ഷീബ 233 വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു. 20 വാര്‍ഡുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി നിർണയം പൂര്‍ത്തിയായി. ഇന്നലെ ചേര്‍ന്ന മുനിസിപ്പല്‍തല യോഗത്തിലാണ് തീരുമാനം. പട്ടിക സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. 20ന് മട്ടന്നൂര്‍ മഹാദേവ ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. എസ്.ഡി.പി.ഐ 20 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ആദ്യഘട്ട ചര്‍ച്ചയിലെ തീരുമാനം. വരും ദിവസങ്ങളിലെ ചര്‍ച്ചകളില്‍ മറ്റു സ്വാധീന കേന്ദ്രങ്ങളില്‍ മത്സരിക്കുന്നത് ചര്‍ച്ച ചെയ്യുമെന്നാണ് നേതാക്കളുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.