മറത്തുകളിയിലെ മികവിന് പ്രകാശൻ പണിക്കർക്ക് ഫോക്​ലോർ അവാർഡ്

ചെറുവത്തൂർ: കാസർകോട് ജില്ലയിലെ പിലിക്കോട് വയലിൽ താമസിക്കുന്ന എൻ.വി. പ്രകാശൻ പണിക്കർക്ക് ഫോക്ലോർ അവാർഡ് ലഭിച്ചത് മറത്തുകളിയിലെ മികവിന്. കാൽ നൂറ്റാണ്ടിലേറെയായി മറത്തുകളിരംഗത്തും അതിലേറെവർഷം പൂരക്കളിരംഗത്തും പ്രവർത്തിച്ചുവരുകയായിരുന്നു. 17-ാം വയസ്സിൽ തച്ചങ്ങാട് അരവത്ത് പൂബാണം കുഴി ക്ഷേത്രത്തിൽ പൂരമാല ചൊല്ലിക്കളിച്ചാണ് രംഗത്തേക്ക് വന്നത്. മറത്തുകളിയിൽ നൂതന വിഷയങ്ങൾ അവതരിപ്പിച്ചതിന് അധ്യക്ഷൻമാരായ സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ, ഡോ. ഇ. ശ്രീധരൻ എന്നിവർ പ്രശംസിച്ചിട്ടുണ്ട്. കാപ്പാട്ട് കഴകം പയ്യന്നൂർ, നാഥക്കോട്ട് ക്ഷേത്രം മടിക്കൈ, പുതിയടത്ത് ഭഗവതിക്ഷേത്രം ആലന്തട്ട കയ്യൂർ, കാരുരുളി കണ്ണങ്ങാട്ട് ക്ഷേത്രം കണ്ടങ്കാളി, കണ്ണമംഗലം ഒന്നാം കഴകം തൃക്കരിപ്പൂർ, വേങ്ങക്കോട്ട് ഭഗവതിക്ഷേത്രം പിലിക്കോട്, കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം എടാട്ട്, പണയക്കാട്ട് ഭഗവതിക്ഷേത്രം കൊടക്കാട് എന്നിവിടങ്ങളിൽ മറത്തുകളി അവതരിപ്പിച്ചു. -ഉത്തരമലബാറിലെ എണ്ണംപറഞ്ഞ പൂരക്കളി പരിശീലകന്മാരിൽ ഒരാൾകൂടിയാണ് ഇദ്ദേഹം. നാപ്പച്ചാൽ, തടിയൻ കൊവ്വൽ, ഇളമ്പച്ചി, ആലന്തട്ട, മടിക്കൈ, വയക്കര വിഷ്ണുമൂർത്തി ക്ഷേത്രം, വാണിയില്ലക്ഷേത്രം കരിവെള്ളൂർ തുടങ്ങിയ പൂരക്കളിസംഘങ്ങളെ പൂരക്കളി പരിശീലിപ്പിച്ചിട്ടുണ്ട്. മറത്തുകളിയിലെ മികവിന് കോഴിക്കോട് വേദവ്യാസ സംസ്കൃത വിദ്യാലയത്തി​െൻറ സിൽവർ ജൂബിലി അവാർഡ് നേടിയിട്ടുണ്ട്. ആലന്തട്ട പുതിയടത്ത് ഭഗവതി ക്ഷേത്രത്തിൽനിന്ന് പട്ടുംവളയും നേടിയ ഇദ്ദേഹം സാംസ്കാരിക പ്രഭാഷണരംഗത്തെ നിറസാന്നിധ്യമാണ്. കോറോം ദേവീസഹായം യു.പി സ്കൂളിൽ അധ്യാപകനാണ്. പരേതനായ പുലിക്കോടൻ കുഞ്ഞിക്കോമ​െൻറയും നീലിയൻ വീട്ടിൽ കാർത്യായനിയുടെയും മകനാണ്. ഭാര്യ എം.വി. ശശികല മണ്ടൂർ. മക്കൾ: വിദ്യാർഥികളായ പ്രേക്ഷ്യപ്രകാശൻ, ആശിഷ് പ്രകാശൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.