ശാസ്​ത്രവിജ്ഞാനവുമായി​ സയൻസ്​ എക്സ്​പ്രസ്​

കണ്ണൂർ: വിവിധമേഖലകളിൽ ശാസ്ത്രവിജ്ഞാനവും അതോടൊപ്പം കൗതുകവും പകർന്ന് സയൻസ് എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രദർശനം തുടങ്ങി. ഭൂമിയുടെ നിലനിൽപുതന്നെ അപകടപ്പെടുത്തിക്കൊണ്ട് ശക്തിപ്രാപിച്ചുവരുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും അത് നേരിടാനുള്ള പ്രായോഗിക വഴികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് സയൻസ് എക്സ്പ്രസി​െൻറ ഒമ്പതാമത്തെ എഡിഷനായ ക്ലൈമറ്റ് ചെയ്ഞ്ച് ആക്ഷൻ എത്തിയിരിക്കുന്നത്. 16 ശീതീകരിച്ച തീവണ്ടി കോച്ചുകളിലായി ഒരുക്കിയ പ്രദർശനമടങ്ങിയ എക്സ്പ്രസ് കഴിഞ്ഞ ഫെബ്രുവരി 17ന് ഡൽഹിയിൽനിന്നാണ് പ്രയാണമാരംഭിച്ചത്. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ പര്യടനത്തിന് ശേഷമാണ് തൃശൂരിൽനിന്ന് കണ്ണൂരിലെത്തുന്നത്. കാലാവസ്ഥാവ്യതിയാനത്തി​െൻറ കാരണങ്ങൾ, ഇതിൽ മനുഷ്യരുടെ പങ്ക്, ശാസ്ത്രീയവശങ്ങൾ, അനന്തരഫലം, ലഘൂകരിക്കാനുള്ള വഴികൾ, ഭാവിയിലേക്കുള്ള കർമപദ്ധതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ടു കോച്ചുകളിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഈ കോച്ചുകൾ സജ്ജീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തി​െൻറ ഭാഗമായി അന്തരീക്ഷത്തിലെ ചൂട് വർധിക്കൽ, ക്രമം തെറ്റിയുണ്ടാകുന്ന കാലവർഷം, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നും പ്രദർശനത്തിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ജൈവ സാങ്കേതികവകുപ്പ്, ശാസ്ത്ര സാങ്കേതികവകുപ്പ് എന്നിവ ഒരുക്കിയ കോച്ചുകളിൽ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള പരിസ്ഥിതി -ശാസ്ത്ര-ഗണിത കൗതുകങ്ങൾ, വിനോദ-വിജ്ഞാന പരിപാടികൾ, വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള പരീക്ഷണശാലകൾ തുടങ്ങിയവയാണുള്ളത്. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾ പരീക്ഷിച്ചറിയാൻ ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിനു പുറേമ കുട്ടികൾക്കുള്ള ശാസ്ത്ര ഗെയിമുകളും സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് ആവശ്യമായ വിവരണങ്ങളും നിർദേശങ്ങളും നൽകാൻ പരിശീലനം നേടിയ ശാസ്ത്രപ്രവർത്തകരുടെ സേവനവും എക്സ്പ്രസിൽ ലഭ്യമാണ്. അഹ്മദാബാദിലെ വിക്രം സാരാഭായ് കമ്യൂണിറ്റി സയൻസ് സ​െൻററാണ് സയൻസ് എക്സ്പ്രസി​െൻറ മേൽനോട്ടം വഹിക്കുന്നത്. ശനിയാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിലെത്തിയ സയൻസ് എക്സ്പ്രസി​െൻറ പ്രദർശനം മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. റെയിൽവേ സ്റ്റേഷ​െൻറ പടിഞ്ഞാേറ പ്ലാറ്റ്ഫോമിൽ ആരംഭിച്ച പ്രദർശനം കാണാൻ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെ എത്തിയത്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രദർശനം. ഇന്നും നാളെയും പ്രദർശനം തുടരും. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.