പഠന മികവിന്​ ജില്ലയിൽ 32 കോടിയുടെ പദ്ധതി

കാസർകോട്: സർവശിക്ഷ അഭിയാൻ കാസർകോടിന് ഈ വർഷം അനുവദിച്ച 32 കോടിയുടെ പദ്ധതികൾക്ക് ജില്ല മോണിറ്ററിങ് ആൻഡ് ഇംപ്ലിമെേൻറഷൻ സമിതി അംഗീകാരം നൽകി. കുട്ടികളുടെ പഠനമികവ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾക്കാണ് തുക ചെലവഴിക്കുക. ജില്ലയിലെ ഗവ. വിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ ദാരിദ്യ്രരേഖക്ക് മുകളിലുള്ള ആൺകുട്ടികൾക്കൊഴികെയുള്ള എല്ലാ കുട്ടികൾക്കും രണ്ടുജോടി സൗജന്യ യൂനിഫോം നൽകുന്നതിന് 2.19 കോടി രൂപയും മുഴുവൻ കുട്ടികൾക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിന് രണ്ടുകോടി രൂപയും അനുവദിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തിനും ക്ലസ്റ്റർ പരിശീലനത്തിനുമായി 89 ലക്ഷം രൂപ നീക്കിവെച്ചു. ബി.ആർ.സിയിലെയും സി.ആർ.സിയിലെയും അക്കാദമിക പ്രവർത്തനങ്ങൾക്കായി 6.46 കോടി രൂപ പദ്ധതിയിൽ വകയിരുത്തി. വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന രീതിയിൽ 150ൽ കൂടുതൽ കുട്ടികളുള്ള എൽ.പി സ്കൂളിലും 100ൽ കൂടുതൽ കുട്ടികളുള്ള യു.പി സ്കൂളിലും ഓരോ അധ്യാപകനെ വീതം അധികമായി നിയമിക്കും. യു.പി സ്കൂളുകളിൽ കലാകായിക പ്രവൃത്തിപഠന വിഷയങ്ങൾക്ക് അധ്യാപകരെ നിയമിക്കാനായി ശമ്പളയിനത്തിൽ 12.88 കോടി രൂപ അനുവദിച്ചു. ഉൾപ്രദേശങ്ങളിൽ യാത്രാസൗകര്യക്കുറവുമൂലം വിദ്യാലയങ്ങളിലെത്താതിരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ അവരുടെ യാത്രാചെലവ് വഹിക്കാനായി 13 ലക്ഷം രൂപ ഈ വർഷം പ്രത്യേകമായി അനുവദിച്ചു. സ്കൂളുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനും അധ്യാപകർക്ക് പഠനസാമഗ്രികൾ നിർമിക്കുന്നതിനും എസ്.എസ്.എ ഗ്രാൻറ് നൽകും. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള അധ്യാപകർക്ക് ഒരാൾക്ക് 500 രൂപ നിരക്കിൽ 28 ലക്ഷം രൂപയാണ് ഇതിനായി പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് മെയിൻറനൻസ് ഗ്രാൻറ് ഇനത്തിൽ 32 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. സ്കൂൾ ഗ്രാൻറ് ഇനത്തിൽ 40 ലക്ഷം രൂപ നൽകും. കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് 2.66 കോടി രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രത്യേകാവകാശമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് 1.23 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും. പഠന പരിപോഷണ പരിപാടികൾക്കായി 50 ലക്ഷം രൂപയും സ്കൂൾ മോണിറ്ററിങ് സമിതി അംഗങ്ങളുടെയും പി.ടി.എയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും പരിശീലനത്തിനായി അഞ്ച് ലക്ഷം രൂപയും വിദ്യാലയങ്ങളിൽ നൂതനാശയ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടത്തുന്നതിന് 50 ലക്ഷം രൂപയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്കൂളിൽ പ്രവേശനം നേടാത്ത കുട്ടികളെ പ്രവേശിപ്പിച്ച് പ്രത്യേക പരിശീലനം നൽകുന്നതിന് ഒരു ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് എസ്.എസ്.എ ലക്ഷ്യമിട്ടിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.