സ്മാരകശിലയായി തറക്കല്ല്; തൃക്കരിപ്പൂർ മാതൃകാ വി.എച്ച്.എസ് കെട്ടിടനിർമാണ ഫണ്ട് പാഴായി

തൃക്കരിപ്പൂര്‍: ധനകാര്യകമീഷന്‍ ശിപാര്‍ശപ്രകാരം മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂരില്‍ അനുവദിക്കപ്പെട്ട മാതൃകാ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കെട്ടിടത്തിന് അനുവദിച്ച ഒന്നരക്കോടി രൂപ അധികൃതരുടെ അനാസ്ഥയിൽ ലാപ്സായി. കെട്ടിടം നിർമിക്കാനുള്ള ഭൂമിയെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിച്ചപ്പോൾ ഉടലെടുത്ത ഫണ്ട് സംബന്ധിച്ച പ്രശ്നം തീർക്കാൻ നടപടി സ്വീകരിച്ചിട്ടും പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല. 2002ലെ നിരക്ക് വെച്ച് തയാറാക്കിയ എസ്റ്റിമേറ്റ്് പുതുക്കാൻ നൽകിയ അപേക്ഷ ബധിരകർണങ്ങളിൽ പതിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പി​െൻറ കോഴിക്കോട് ഓഫിസിൽ ഫയൽ ചുവപ്പുനാടയിലാവുകയായിരുന്നു. കേരളത്തിലെ ഏഴു മേഖലകളിൽ അനുവദിച്ച മാതൃകാ വി.എച്ച്.എസുകളിൽ പയ്യന്നൂർ മേഖലയിൽ വരുന്ന തൃക്കരിപ്പൂരിൽ ഒഴികെ എല്ലായിടത്തും കെട്ടിടനിർമാണം പൂർത്തിയായി എന്നുകൂടി അറിയുമ്പോഴാണ് അനാസ്ഥയുടെ ആഴം വ്യക്തമാവുക. തൃക്കരിപ്പൂർ വി.എച്ച്.എസിലെ കിഴക്കേ മൈതാനത്ത് കെട്ടിടം നിർമിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി കരാറുകാരൻ പിന്മാറിയിരുന്നു. രൂപകൽപനയിൽ മാറ്റങ്ങളോടെ കെട്ടിടംപണി ഏറ്റെടുപ്പിക്കാൻ തീരുമാനം ഉണ്ടായെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ്് ഉണ്ടായതേയില്ല. നിലവിലെ വി.എച്ച്.എസ് സമുച്ചയത്തിന് കിഴക്കുഭാഗത്ത് പി.ടി.എ നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി കെട്ടിടം നിര്‍മിക്കാനായിരുന്നു പുതിയ പദ്ധതി. സ്‌കൂള്‍ കാമ്പസില്‍ കിഴക്കുഭാഗത്തെ ഒഴിഞ്ഞ മൈതാനത്ത് കെട്ടിടം നിര്‍മിക്കാന്‍ 2012 മാർച്ച് ഒമ്പതിന് ഇട്ട ശില ഓഫിസ് മുറിയിൽ ഭദ്രമാണ്. ഇതിനിടയിലാണ് കരാറുകാരൻ പിന്മാറിയത്. പ്ലാനില്‍ ആവശ്യമായ തിരുത്തല്‍വരുത്തി അധികംവരുന്ന തുക എം.എൽ.എ ഫണ്ടിൽനിന്ന് നൽകുമെന്ന് കെ. കുഞ്ഞിരാമൻ എം.എൽ.എ അറിയിച്ചുവെങ്കിലും കെട്ടിടംപണി ആരംഭിച്ചില്ല. എസ്റ്റിമേറ്റ്് തുകയായ 1.35 കോടി രൂപ വര്‍ധിപ്പിക്കാനുള്ള നീക്കം അവസാനിച്ചതോടെയാണ് പി.ടി.എ പുതിയ തീരുമാനം കൈക്കൊണ്ടത്. പദ്ധതിക്കായി നേരത്തെ ഫണ്ട് അനുവദിച്ചതിനാല്‍ പുതിയ പ്ലാന്‍ ഉണ്ടാക്കി കെട്ടിടം പണിയാന്‍ സാങ്കേതികതടസ്സം ഇല്ലെന്ന് സ്ഥലം സന്ദർശിച്ച പി.ഡബ്ല്യൂ.ഡി എന്‍ജിനീയര്‍ കെ. രാജീവന്‍ അഭിപ്രായപ്പെടുകയും ചെയ്തു. മൂന്നു നിലകളുള്ള കെട്ടിടത്തിൽ ഏഴു വലിയ ഹാളുകള്‍, നടുമുറ്റം എന്നിവ ഉള്‍പ്പെടെയാണ് വിഭാവനം ചെയ്തത്. സ്‌കൂളിൽ ഹയർ സെക്കൻഡറി ബാച്ചുകൂടി അനുവദിക്കപ്പെട്ട സാഹചര്യത്തിൽ കെട്ടിട സൗകര്യം വളരെ അത്യാവശ്യവുമായിരുന്നു. വി.എച്ച്.എസ് കെട്ടിടത്തിലെ രണ്ടു മുറികളിലാണ് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.