ലക്ഷ്യം കാണാതെ കർമപദ്ധതികൾ; നാശം വിതക്കാൻ വന്യമൃഗങ്ങളും

കണ്ണൂർ ജില്ലയിൽ തരിശുനിലത്ത് കൃഷി തിരിച്ചുകൊണ്ടുവരാൻ വൻ പദ്ധതികളാണ് ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയത്. യന്ത്രവത്കരണം, തൊഴിൽസേന രൂപവത്കരണം, സസ്യാരോഗ്യ ക്ലിനിക്, ഉൽപാദന ബോണസ് എന്നിങ്ങനെ പോകുന്നു പദ്ധതികൾ. ചെറുതാഴം, ഏഴോം, പട്ടുവം, കടന്നപ്പള്ളി - പാണപ്പുഴ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ സഹായത്തോടെ സ്വന്തമായി അരി തന്നെ വിപണിയിലിറക്കി ചരിത്രമെഴുതി. എന്നാൽ, മിക്കയിടങ്ങളിലും പദ്ധതികൾ ആരംഭശൂരത്വത്തിൽ ഒതുങ്ങി. തുടർപ്രവർത്തനങ്ങൾ നിലച്ചതിനാൽ നിലങ്ങൾ വീണ്ടും തരിശായി. മാത്രമല്ല, നൂറുശതമാനം തരിശുപാടങ്ങളും കൃഷിയിടങ്ങളാക്കി പുനരുജ്ജീവിപ്പിക്കാൻ സാധിച്ചില്ല. കോൺക്രീറ്റ് സൗധങ്ങളും നാണ്യവിളകളും അധിനിവേശം നടത്തിയതിനുശേഷം ബാക്കിയാവുന്ന വയലുകൾ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതെ വെറും മലിനജലം കെട്ടിക്കിടക്കുന്ന ചളിക്കുളങ്ങളായി മാറി. അനധികൃത നിർമാണ പ്രവർത്തനങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ തള്ളാൻ ഇത്തരം വയലുകൾ ഉപയോഗപ്പെടുത്തുന്നു. ക്രമേണ ഇവയും പറമ്പുകൾക്ക് വഴിമാറും. കൈപ്പാടുകൾ ഉൾപ്പെടെ വയലുകളുടെ സ്വാഭാവികത തകിടം മറിഞ്ഞത് കൃഷി തിരിച്ചെത്തുന്നതിന് തടസ്സമാണ്. വന്യമൃഗ ശല്യമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നെൽകൃഷിക്ക് പ്രധാന ഭീഷണി കാട്ടുപന്നികളാണ്. വിളഞ്ഞ നെൽപാടങ്ങളിലിറങ്ങുന്ന പന്നികൾ കൃഷി പൂർണമായും നശിപ്പിക്കുന്നു. സാധാരണക്കാര​െൻറ പ്രധാന ഭക്ഷണമായ മരച്ചീനി കൃഷിയോട് പുറം തിരിയാൻ കാരണം വന്യമൃഗങ്ങളാണ്. കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് തീരുമാനമുണ്ട്. എന്നാൽ, ഇത് ലഭിക്കുക എന്നതിന് ഏറെ സങ്കീർണതയുള്ള ചുവപ്പുനാടകളുടെ കുരുക്കഴിയണം. സർക്കാർ പ്രഖ്യാപിച്ച വിള ഇൻഷുറൻസും കർഷക​െൻറ രക്ഷക്കെത്തുന്നില്ല എന്നാണ് പല കൃഷിക്കാരും പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.