പട്ടികജാതി വിഭാഗത്തി​െൻറ പുനരധിവാസം: നശിച്ചുകൊണ്ടിരിക്കുന്ന ഫ്ലാറ്റുകൾ പരിശോധിച്ചു

കാസര്‍കോട്: പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ നിർമിച്ച 12 ഫ്ലാറ്റുകള്‍ നഗരകാര്യവകുപ്പ് ജോയൻറ് ഡയറക്ടര്‍ ബി.കെ. ബല്‍രാജ് പരിശോധിച്ചു. ഗുണഭോക്താക്കൾക്ക് നൽകാതെ കാടുപിടിച്ചുകിടക്കുന്നതിനെ തുടർന്ന് അഴിമതിവരുദ്ധ സംഘടനയായ ജി.എച്ച്.എം നൽകിയ പരാതിയെ തുടർന്നാണ് നടപടി. വിദ്യാനഗര്‍ മഹാത്മാഗാന്ധി കോളനിയില്‍ 70 സ​െൻറ് സ്ഥലത്ത് ഒരു ബെഡ്‌റൂം, ഹാൾ, അടുക്കള, ബാത്‌റൂം എന്നീ സൗകര്യങ്ങളോടുകൂടിയ 12 ഫ്ലാറ്റുകളാണ് നിർമിച്ചത്. 95 ലക്ഷം രൂപ െചലവഴിച്ചാണ് നിർമിച്ചത്. 12 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഫ്ലാറ്റിലേക്കുള്ള ജലസേചനസൗകര്യം ഒരുക്കിയിരുന്നുവെങ്കിലും ബോര്‍വെല്ലി​െൻറ വൈദ്യുതി കണക്ഷനും മറ്റും പണം അടക്കാത്തതിനാല്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നഗരസഭയുടെ എസ്.സി പ്ലാന്‍ ഫണ്ടില്‍നിന്നാണ് ഫ്ലാറ്റ് നിര്‍മാണത്തിനുള്ള തുക വകയിരുത്തിയത്. സാമ്പത്തികപ്രയാസം നേരിടുന്ന ഭൂ-ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാകുന്നതുവരെ താല്‍ക്കാലിക വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. പട്ടികവിഭാഗത്തിന് മെച്ചപ്പെട്ട ജീവിതസൗകര്യം നല്‍കുന്നതിനും ഒരേസ്ഥലത്തേക്ക് കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് പദ്ധതിയുടെ ലക്ഷ്യം. ഫ്ലാറ്റിനോട് ചേര്‍ന്ന് ഒരു അംഗൻവാടികൂടി സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫ്ലാറ്റ് താമസിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് കാടുമൂടിക്കിടന്നിരുന്നുവെങ്കിലും ഇതെല്ലാം ഇപ്പോള്‍ വെട്ടിശരിയാക്കിയിട്ടുണ്ട്. ഫ്ലാറ്റിന് കുഴപ്പമൊന്നുമില്ലെന്നും എത്രയുംപെട്ടെന്ന് ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് നഗരസഭ തയാറായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. തുടർനടപടിക്ക് നഗരസഭ രണ്ടു മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണമടച്ച് വൈദ്യുതി കണക്ഷന്‍ ശരിയാക്കാന്‍ നിർദേശം നല്‍കിയതായും ജോയൻറ് ഡയറക്ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നിയമസഭ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കും. നഗരസഭ സെക്രട്ടറി വി. സജികുമാര്‍, പ്രിന്‍സിപ്പൽ സെക്രട്ടറി വിന്‍സ​െൻറ്, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബാബു നന്ദകുമാർ, ഒാവര്‍സിയര്‍ ഗംഗാധരൻ, ഉദ്യോഗസ്ഥനായ ജയചന്ദ്രന്‍ തുടങ്ങിയവര്‍ ജോയൻറ് ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.