ജി.എസ്.ടിയില്‍ കുരുങ്ങി മാവേലി സ്​റ്റോറുകളുടെ പ്രവര്‍ത്തനം മുടങ്ങി

ചെറുപുഴ: ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം നടപ്പിലായ ആദ്യദിനം തന്നെ ചെറുപുഴയിലും പെരിങ്ങോം വയക്കരയിലും സപ്ലൈകോ മാവേലി സ്‌റ്റോറുകളുടെ പ്രവര്‍ത്തനം മുടങ്ങി. പുതിയ നികുതി സമ്പ്രദായത്തിലേക്കുള്ള സോഫ്റ്റ്്വെയര്‍ അപ്‌ഡേഷന്‍ നടക്കാതിരുന്നതാണ് മാവേലി സ്റ്റോറുകളുടെ പ്രവർത്തനം ശനിയാഴ്ച തടസ്സപ്പെടാൻ കാരണം. രാവിലെ മുതൽ കടകളിലെത്തിയ ഉപഭോക്താക്കൾക്ക് കാണാനായത് വില്‍പന തടസ്സപ്പെട്ടിരിക്കുന്നുവെന്നുള്ള അറിയിപ്പാണ്. ജി.എസ്.ടി വരുമ്പോള്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയവർ നിരാശരായി. അതേസമയം, ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പുതിയ നികുതി സമ്പ്രദായത്തെക്കുറിച്ചുള്ള അവ്യക്തതയും ആശയക്കുഴപ്പവും വ്യക്തമായി. കഴിഞ്ഞദിവസങ്ങളില്‍ മൊത്തവിതരണക്കാര്‍ നിര്‍ത്തിവെച്ച അരിയുടെയും പലവ്യജ്ഞനങ്ങളുടെയും വിതരണം ശനിയാഴ്ച പുന:സ്ഥാപിച്ചപ്പോള്‍ ജി.എസ്.ടി പ്രകാരമുള്ള നികുതി കൂടി ചുമത്തിയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചത്. ഇതോടെ മട്ട അരിക്കും മറ്റും രണ്ടര രൂപ വരെ അധിക വില ഈടാക്കിയാണ് മലയോരത്തെ കച്ചവടസ്ഥാപനങ്ങള്‍ വിറ്റത്. മൊത്തവിതരണക്കാരുടെ ജീവനക്കാരോട് നികുതിയായുള്ള അധിക തുകയെക്കുറിച്ച് ചോദിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ആയി തിരികെ ലഭിക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്നു പറയുന്നു. പക്ഷേ, അത് എപ്രകാരമാണെന്ന് കച്ചവടക്കാര്‍ക്ക് വ്യക്തതയില്ലാത്ത സ്ഥിതിയാണ്. മൊത്തക്കച്ചവടക്കാരുടെ ചുവടുപിടിച്ച് പതിവുകാരെ ചൂഷണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ അരിക്കച്ചവടം നിര്‍ത്തിവെക്കേണ്ടിവരുമെന്ന നിലയിലാണ് ചെറുകിട വ്യാപാരികള്‍. നോട്ടുനിരോധനം വന്നപ്പോഴുണ്ടായ പോലെ മൊത്തത്തില്‍ ആശയക്കുഴപ്പമില്ലെങ്കിലും ജി.എസ്.ടി മൂലമുണ്ടാകുന്ന വില വ്യത്യാസത്തിൽ പകച്ചുനില്‍ക്കേണ്ട അവസ്ഥയാണ് ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.