നാരായണയുടെ തോണിജീവിതത്തിന് അരനൂറ്റാണ്ട്

മംഗളൂരു: തുറമുഖനഗരത്തി‍​െൻറ വികസനക്കുതിപ്പ് സ്മാര്‍ട്ടാകാന്‍ 100 കോടി എത്തുമ്പോഴും ഇന്നോളി നിവാസികള്‍ക്ക് നേത്രാവതിപ്പുഴയുടെ മറുകരയെത്താന്‍ കടത്തുതോണിതന്നെ ശരണം. പതിനാറി‍​െൻറ ഇളംകൈയില്‍ തുഴയേന്തിയ കടത്തുകാരന്‍ നാരായണ സഫലയുടെ കൈവെള്ളയിലും ചുമലിലും 50 വര്‍ഷത്തെ തഴമ്പ്. ഇദ്ദേഹം തോണിയിറക്കിയില്ലെങ്കില്‍ ഇന്നോളിക്കാര്‍ ഇക്കരെ കുടുങ്ങും. നേത്രാവതിയുടെ വടക്കാണ് ഈ നഗരഗ്രാമം. തെക്കേക്കടവില്‍ ഫറങ്കിപ്പേട്ടയില്‍ തോണിയടുപ്പിച്ചാല്‍ മംഗളൂരു--ബംഗളൂരു ദേശീയപാതയില്‍ ചെന്നുകയറാം. തുഴ നാരായണയെ ഏല്‍പിച്ചാണ് പിതാവ് കണ്ണടച്ചത്. സാഹചര്യങ്ങള്‍ നിരക്ഷരനാക്കിയെങ്കിലും ത‍​െൻറ ജീവിതം സഫലമാണെന്ന് നാരായണ സഫല പുഞ്ചിരിയോടെ പറയുന്നു. മക്കള്‍ മൂന്നും വിദ്യാഭ്യാസം നേടി. ആണ്‍മക്കള്‍ രണ്ടുപേരും ബിസിനസ് രംഗത്തുണ്ട്. മകളെ നല്ലനിലയില്‍ അയച്ചു. ഗ്രാമത്തിലെ തലമുറകള്‍ അറിവുകള്‍നേടി ഉയരങ്ങള്‍ കീഴടക്കിയത് നാരായണ അറിഞ്ഞാണ്. ഇദ്ദേഹത്തിന് പരിചയമില്ലാത്ത ആബാലവൃദ്ധം ഇന്നോളിയിലില്ല. രാവിലെ 6.30ന് നാരായണ കടവിലെത്തും. രാത്രി 7.30നാണ് തോണി കെട്ടിയിടുക. പ്രാതലും ഉച്ചഭക്ഷണവുമെല്ലാം തോണിയില്‍തന്നെ. എന്നാണീ തോണിജീവിതത്തിന് അന്ത്യം? 'ചുമലി‍​െൻറ ശേഷി നശിക്കുംവരെ'-പുഴയോളങ്ങള്‍ക്കൊപ്പം പുഞ്ചിരിച്ച സഫലയുടെ മുഖത്ത് 66‍​െൻറ ചുളിവില്ലാത്ത പ്രതീക്ഷ. മഴക്കാലത്ത് തോണിയില്‍ ഔട്ട്ബോഡ് എൻജിനുണ്ട്. വേനലായാല്‍ തുഴയുകയേയുള്ളൂ. മത്സ്യങ്ങളോടും മറ്റു ജലജീവികളോടും ഈ പരിസ്ഥിതിസ്നേഹി സൂക്ഷിക്കുന്ന ആര്‍ദ്രതയാണത്. പടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.