കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം: സംരംഭകനാകാന്‍ സഹായിക്കാന്‍ ‘സമൃദ്ധി 2017’

കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഫണ്ടുകളുടെ സഹായത്തോടെ, ചെറിയ മുതല്‍മുടക്കില്‍ സ്വയംസംരംഭങ്ങള്‍ തുടങ്ങുന്നതിന് വിപുലമായ പദ്ധതി ഒരുങ്ങുന്നു. ഉത്തരമലബാറിന്‍െറ സുസ്ഥിരവികസനം ലക്ഷ്യമിട്ട് ‘സമൃദ്ധി 2017’ എന്ന പേരിലുള്ള പദ്ധതിയുടെ ആദ്യപടിയായ പരിശീലന ശില്‍പശാല ജനുവരി 15 മുതല്‍ 24വരെ കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹിയായ ജെയിംസ് മാത്യു എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ എല്ലാ വീടുകളിലും 10,000 രൂപയെങ്കിലും വരുമാനം ലഭിക്കുന്നതരത്തില്‍ തുടക്കമിട്ട പദ്ധതിയാണ് സമൃദ്ധി. കിലയുടെ സഹായത്തോടെ പദ്ധതിരേഖ തയാറാക്കി സാമൂഹിക-സാമ്പത്തിക സര്‍വേ നടത്തിയാണ് പദ്ധതികള്‍ കണ്ടത്തെുന്നതിനുള്ള തുടക്കംകുറിച്ചത്. നൂതന സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ കാര്‍ഷിക സംരംഭങ്ങള്‍, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള മൃഗപരിപാലനം, ജൈവവള-സൂക്ഷ്മ കീടനാശിനി നിര്‍മാണ രീതികള്‍, മാലിന്യസംസ്കരണ രീതികളും അനുബന്ധ സംരംഭങ്ങളും തുടങ്ങിയ വിവിധ സംരംഭങ്ങള്‍ പരിശീലന പരിപാടിയിലുണ്ടാകും. 10 ദിവസം നീളുന്ന ശില്‍പശാലക്ക് എത്തുന്നവര്‍ക്ക് വിവിധ സംരംഭങ്ങള്‍ നടത്തുന്നതിന്‍െറ ഡെമോണ്‍സ്ട്രേഷന്‍ കാണാന്‍ സാധിക്കും. പദ്ധതി തുടങ്ങുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും ആവശ്യമെങ്കില്‍ ബാങ്കുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കും. ജില്ലയിലെ പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകള്‍ പരിശീലനനഗരിയില്‍ ഒരുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകള്‍ സംരംഭങ്ങള്‍ക്ക് നല്‍കുന്ന പണം പുതിയ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ് ഡെസ്കുകള്‍ എന്നിവയുമുണ്ടാകും. ഏതെങ്കിലും സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ പ്രത്യേക ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് ഇവിടെ സ്ഥാപിച്ച പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും. പിന്നീട് ഹെല്‍പ് ഡെസ്കിലുള്ളവര്‍ പദ്ധതി നടത്തുന്നതിന് സഹായിക്കും. കൂടുതല്‍ പരിശീലനം ആവശ്യമെങ്കില്‍ അതും ഏര്‍പ്പാടാക്കിനല്‍കും. 15ന് തുടങ്ങുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.ടി. ജലീല്‍, എ.സി. മൊയ്തീന്‍, കെ. രാജു, കെ.കെ. ശൈലജ, വി.എസ്. സുനില്‍കുമാര്‍, പ്രഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പരിപാടികളില്‍ സന്ദര്‍ശിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.കെ. മനോഹരന്‍, എം. ഹുസൈന്‍ മാസ്റ്റര്‍, കെ. ദാമോരന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.