പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികളുടെ പണിമുടക്ക് ഹൈകോടതി വിലക്കി

കണ്ണൂര്‍: നാലുതവണ നടന്ന ചര്‍ച്ചകളിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളും പാചകവാതക വിതരണ തൊഴിലാളികളും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈകോടതി വിലക്കി. പെട്രോള്‍ പമ്പുകളില്‍ ജോലിചെയ്യുന്നവര്‍ ഇന്നുമുതലും പാചകവാതക വിതരണമേഖലയിലെ തൊഴിലാളികള്‍ നാളെ മുതലുമാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഹൈകോടതി സമരം വിലക്കിയതോടെ പണിമുടക്ക് നടക്കില്ളെന്നാണ് സൂചന. അതേസമയം, തൊഴിലാളികള്‍ എത്രകണ്ട് ജോലിക്ക് ഹാജരാകുമെന്ന് ഉറപ്പായിട്ടില്ല. പ്രതിദിനം 600 രൂപ വേതനം അനുവദിക്കുക, പ്രതിവര്‍ഷം 300 രൂപ സര്‍വിസ് വെയിറ്റേജ് അനുവദിക്കുക, പരിധി നോക്കാതെ ഇ.എസ്.ഐ, ഇ.പി.എഫ് എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് ആഹ്വാനംചെയ്തത്. നേരത്തേ നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് ഇതുവരെ ഉടമകളുമായി നാലുതവണ ചര്‍ച്ചനടന്നു. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയും പരാജയമായതോടെയാണ് സമരതീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. പെട്രോള്‍ പമ്പുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് 286 രൂപ 26 പൈസയാണ് ദിവസക്കൂലി ലഭിക്കുന്നത്. ഇന്ധനം നിറക്കുന്നതിനൊപ്പം കാഷ്യറുടെ ജോലി കൂടി ഇവര്‍ ചെയ്യുന്നുണ്ട്. പണത്തില്‍ എന്തെങ്കിലും കാരണത്താല്‍ കുറവുവന്നാല്‍ ഇവരുടെ കൂലിയില്‍നിന്നാണ് ഈടാക്കുന്നത്. 310 രൂപയാണ് പാചകവാതക മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലിയായി ലഭിക്കുന്നത്. ഏറെ അപകടം പിടിച്ച ജോലിയായിട്ടും സുരക്ഷാസൗകര്യങ്ങള്‍പോലുമില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.