പള്ളിക്കര പി.എച്ച്.സിക്ക്​ തറക്കല്ലിട്ടത്​ സ്വകാര്യ ഭൂമിയിലെന്ന്​; മുസ്​ലിംലീഗ് പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മന്ത്രി തറക്കല്ലിട്ടത് സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണെന്ന് പള്ളിക്കര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിയമപരമായി ഏറ്റെടുത്ത് രേഖ കൈമാറാതെയാണ് തറക്കല്ലിടൽ നടത്തിയതെന്നും ഇതിനെതിരെ ഇൗ മാസം ഏഴിന് രാവിലെ 10ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന തീരദേശ വികസന കോർപറേഷന്‍ അനുവദിച്ച 1.87 കോടി രൂപ മുടക്കി നിർമിക്കുന്ന പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ പുതിയ കെട്ടിടത്തിന് ഒക്ടോബര്‍ 13നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തറക്കല്ലിട്ടത്. റീ സർവേ നമ്പര്‍ 251/ 2ൽപെട്ട ഭൂമി നാഗമ്മ മുതല്‍ പേരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഭൂമി കൈമാറിയ രേഖ ലഭ്യമായിട്ടുണ്ടെന്നാണ് മന്ത്രിയും എം.എൽ.എയും പറഞ്ഞത്. ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത് പള്ളിക്കര ഗവ. ഹൈസ്‌കൂളിന് പിറകുവശത്ത് റീസർവേ നമ്പര്‍ 247/ 1ൽ ഉൾപ്പെട്ട അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ സ്മാരക കെട്ടിടത്തിലാണ്. പരേതനായ എം. ഹംസ സംഭാവനചെയ്ത സ്ഥലത്ത് 1973ല്‍ മുസ്ലിംലീഗ് കമ്മിറ്റിയാണ് കെട്ടിടം നിർമിച്ചു നല്‍കിയത്. ഈ സ്ഥലം ആരോഗ്യ വകുപ്പില്‍നിന്ന് കൈക്കലാക്കാനാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അവര്‍ അറിയുന്നതിനുമുമ്പേ മന്ത്രി തറക്കല്ലിട്ടതെന്നും സംഘാടക സമിതി യോഗത്തില്‍ തറക്കല്ലിടുന്നത് പഴയ സ്ഥലത്തു തന്നെയാണെന്ന് എം.എൽ.എ പറഞ്ഞിരുന്നതായും നേതാക്കൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് ഒാഫിസ് മാർച്ച് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ഉദുമ മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് കെ.ഇ.എ. ബക്കര്‍, ഹനീഫ് കുന്നിൽ, സിദ്ദീഖ് പള്ളിപ്പുഴ, കെ.എം. അബ്ദുല്‍ റഹ്മാന്‍, പി.കെ. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.