പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഹോട്ടൽതൊഴിലാളി ശ്രീധരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിങ്കളാഴ്ചയാണ് കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദ് 300 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. രാമന്തളിക്കംപാറയിലെ നടവളപ്പിൽ വിപിൻ ചന്ദ്രൻ (37) പ്രതിയായ കുറ്റപത്രത്തിൽ 60ഓളം സാക്ഷികളുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 25നാണ് റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിൽ ശ്രീധരൻ കൊല്ലപ്പെട്ടത്. ഫോൺനമ്പർ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇടുക്കിയിൽ പിടിയിലായത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. പിടിവലിക്കൊടുവിൽ ശ്രീധരനെ തലക്കടിച്ചശേഷം റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടതാണെന്ന് പ്രതി പൊലീസിന് മൊഴിനൽകിയിരുന്നു. മരിച്ച വിവരമറിഞ്ഞത് പിറ്റേന്നത്തെ പത്രങ്ങളിലൂടെയാണെന്നും പ്രതി നടവളപ്പിൽ വിപിൻ ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. മംഗലാപുരത്തുനിന്ന് പയ്യന്നൂരിലെത്തിയപ്പോൾ കൈയിൽ കാശുണ്ടായിരുന്നില്ല. അപ്പോഴാണ് ബാഗ് തലക്കുവെച്ച് ഒരാൾ ഫ്ലാറ്റ്ഫോമിൽ കിടക്കുന്നതു കണ്ടത്. പണമുണ്ടാവുമെന്ന് കരുതി പിടിച്ചുപറിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ, ശ്രീധരൻ പ്രതിരോധിച്ചപ്പോൾ കൈയിൽ കരുതിയ ആയുധം പ്രയോഗിക്കേണ്ടിവന്നു. 12 മണിക്ക് ട്രെയിനിറങ്ങിയതായും 12.30ന് കൊല നടത്തിയതായും ഇയാൾ പറഞ്ഞു. എന്നാൽ, ബാഗിൽ ഒന്നും ഉണ്ടായിരുന്നില്ല. കൊല നടത്തിയശേഷവും രക്ഷപ്പെടാൻ ശ്രമിക്കാതെ സ്റ്റേഷനിൽ ചുറ്റിപ്പറ്റിനിന്നു. നാലുമണിയോടെ വിശ്രമമുറിയിലെത്തിയപ്പോൾ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച് 49,000 രൂപയും മൊബൈൽഫോണും കവർന്നതായും ഇയാൾ മൊഴിനൽകിയിരുന്നു. പിന്നീട് മുണ്ടക്കയത്തുനിന്നാണ് ഇയാൾ പിടിയിലായത്. പ്രതി വൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട ജില്ല പൊലീസ് സൂപ്രണ്ട് രാഹുൽ എസ്. നായരെ ചീത്ത വിളിച്ചതിന് കേസുള്ള ഇയാൾ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്യമായി കെട്ടിടത്തിലും മരത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയതിനും കേസുണ്ട്. ഇതിനുപുറമെ പഴയങ്ങാടി പൊലീസ് പരിധിയിൽ ഉൾപ്പെടെ നിരവധി കവർച്ച കേസുകളിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.