വേണു കള്ളാർ കാസർകോട്: ചിലപ്പോളൊരു പുൽച്ചാടി, അതല്ലെങ്കിൽ ഇതേവരെ കണ്ടിട്ടില്ലാത്തയിനം പൂമ്പാറ്റയോ പൂത്തുമ്പിയോ തേനീച്ചയോ.... നബിൻ ഒടയഞ്ചാലിെൻറ മൊബൈൽഫോൺ കാമറ കണ്ണുതുറക്കുന്നത് ചെറുജീവിലോകത്തെ അപൂർവ ദൃശ്യങ്ങളിലേക്കാണ്. കീടങ്ങളെന്ന് നമ്മൾ വിളിക്കുന്ന സൂക്ഷ്മജീവികൾ, പലയിനം ചെറുപറവകൾ, പാറ്റകൾ, വണ്ടുകൾ, ഇഴജീവികൾ എന്നിങ്ങനെ ഇൗ ഫ്രെയിമിൽ അകപ്പെടാത്തവ വിരളം. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലിചെയ്യുന്ന കോടോം ബേളൂർ ഒടയഞ്ചാൽ പാക്കം സ്വദേശി നബിൻ ഒഴിവുനേരങ്ങളിലൊക്കെയും പുൽമേടുകളിലോ വയൽവരമ്പുകളിലോ കുറ്റിക്കാടുകളിലോ ചെറുജീവിലോകത്തെ കാഴ്ചകൾ തേടി നടക്കുകയാവും. കോടോം, അമ്പലത്തറ എന്നിവിടങ്ങളിലെ ചെങ്കൽപ്പാറ പ്രദേശങ്ങളിലൊക്കെയും സുഹൃത്തുക്കളുടെ സഹായത്തോടെ അലഞ്ഞിട്ടുണ്ട്. ഹോബിയായാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ഇത് വിനോദമെന്നതിനപ്പുറം ഗൗരവമുള്ളൊരു ദൗത്യമാണ് ഇൗ യുവാവിന്. മൂന്നുവർഷം മുമ്പ് എട്ട് മെഗാപിക്സലുള്ള സാധാരണ മൊബൈൽ ഫോൺ കാമറയിലാണ് ചിത്രീകരണം തുടങ്ങിയത്. ഇപ്പോൾ 16 മൊപിക്സൽ കാമറയുള്ള ഫോണാണ് ഉപയോഗിക്കുന്നത്. കാമറ ഉപയോഗിക്കുന്നതിലെ സൂക്ഷ്മതയും ശ്രദ്ധയുമാണ് ചിത്രങ്ങൾക്ക് മിഴിവും വ്യത്യസ്തതയുമേകുന്നത്. പാറ്റകളും തുമ്പികളുമടക്കം സൂക്ഷ്മജീവികൾ ധാരാളമെത്തുന്നതിനാൽ ഒാണത്തിന് മുമ്പുള്ള പൂക്കാലമാണ് പടങ്ങളെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്ന് നബിൻ പറയുന്നു. പലപ്പോഴും മണിക്കൂറുകളോളം ശ്വാസം അടക്കിപ്പിടിച്ച് കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട് ഒരു ചിത്രം കിട്ടാൻ. ഏറെ നേരത്തെ കാത്തരിപ്പിനൊടുവിൽ ഫ്രെയിമിൽ കുടുങ്ങാതെ രക്ഷപ്പെട്ടവയുമുണ്ട്. ഇപ്പോൾ വ്യത്യസ്തയിനം ജീവികൾ ശ്രദ്ധയിൽപ്പെട്ടാൽ പലരും നബിനെ വിളിച്ച് അറിയിക്കാൻ തുടങ്ങി. പൂമ്പാറ്റകളെക്കുറിച്ചും മറ്റും പഠനം നടത്തുന്നവർ നബിെൻറ സഹായം തേടിവരാറുണ്ട്. ഇതിനകം 300ഒാളം ചിത്രങ്ങൾ ശേഖരിച്ചു. പലതും മുമ്പുകണ്ടിട്ടില്ലാത്ത ജീവിയിനങ്ങളുടേതാണ്. സ്വന്തമായി കമ്പ്യൂട്ടറില്ലാത്തതിനാൽ സുഹൃത്തിെൻറ കമ്പ്യൂട്ടറിൽ ഡിജിറ്റൽ ഫയലാക്കി സൂക്ഷിച്ചിരിക്കുകയാണ് ഇവയൊക്കെയും. ഇവയുടെ പ്രിൻറുകൾ തയാറാക്കി പ്രദർശനം നടത്തണമെന്ന് കുറച്ചുകാലമായി നബിൻ ആഗ്രഹിക്കുന്നു. സാമ്പത്തികച്ചെലവ് താങ്ങാനാവാത്തതിനാൽ തൽക്കാലം ആഗ്രഹം അടക്കിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.