ആറളം ഫാം ആദിവാസി പുനരധിവാസ മേഖലക്ക്​ 60.74 കോടിയുടെ നബാർഡ് പദ്ധതി

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 60.74 കോടിയുടെ നബാർഡ് വികസന പദ്ധതി കിഡ്കോ മുഖാന്തരം നടപ്പാക്കും. പദ്ധതിയുടെ നടത്തിപ്പ് കിഡ്കോക്ക് കൈമാറി പട്ടിക വർഗ പ്രിൻസിപ്പൽ സെക്രട്ടറി ധാരണപത്രത്തിൽ ഒപ്പിട്ടു. പദ്ധതിക്ക് ആവശ്യമായ തുകയുടെ പകുതിയിലധികവും റൂറൽ ഇൻഫ്രാസ്ട്രക്ചർ െഡവലപ്മ​െൻറ് ഫണ്ടിൽനിന്ന് വായ്പയെടുത്താണ് പൂർത്തിയാക്കുക. വളയംചാലിൽ കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് 6.90 കോടി, ഓടൻതോട് പാലത്തിന് 7.10 കോടി, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സക്ക് സൗകര്യം ഒരുക്കുന്നതിന് 1.74 കോടി, ഹോമിയോ ഡിസ്പെൻസറിക്ക് 55.96 ലക്ഷം രൂപയും വിനിയോഗിക്കും. ഫാമിൽ ആയുർവേദചികിത്സക്ക് സൗകര്യം ഒരുക്കുന്നതിന് 34.95 ലക്ഷവും ഹോമിയോ ആശുപത്രിയിൽ ഡോക്ടർമാർക്കുള്ള താമസസൗകര്യം ഒരുക്കുന്നതിന് 81.25 ലക്ഷവും അനുവദിക്കും. ഫാം സ്കൂളിെന ഹയർ സെക്കൻഡറിയായി ഉയർത്തുന്നതി​െൻറ ഭാഗമായി കെട്ടിട സൗകര്യം ഒരുക്കുന്നതിന് 2.67 കോടി, ബോയ്സ് ഹോസ്റ്റൽ നിർമാണത്തിന് 2.60 കോടിയുടെ പദ്ധതിക്കും അംഗീകാരമായി. എൽ.പി സ്കൂൾ കെട്ടിട നിർമാണത്തിന് 2.84 കോടിയും അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കുന്നതിന് 67.29 ലക്ഷവും നബാർഡ് പദ്ധതി പ്രകാരം ലഭിക്കും. ഫാമിൽ പുതുതായി കൃഷിഭവനും വെറ്ററിനറി ഡിസ്പെൻസറിയും അനുവദിക്കും. ഇതിനായി 60 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കമ്യൂണിറ്റി ഹാൾ നിർമാണത്തിന് 2.16 കോടി, പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ 25.11 ലക്ഷം, കളിസ്ഥല നിർമാണത്തിന് 60 ലക്ഷം രൂപയും വിനിയോഗിക്കും. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വേലി സ്ഥാപിക്കുന്നതിന് 2.84 കോടി, മേഖലയിലെ 12 കിലോമീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 3.02 കോടി രൂപ എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. പുനരധിവാസ മേഖലയിലെ വീടില്ലാത്ത ആദിവാസികൾക്ക് വീട് നിർമിച്ചു നൽകുന്നതിന് 8.99 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. വീടൊന്നിന്ന് 3.5 ലക്ഷം രൂപ നിരക്കിൽ 257 പുതിയ വീടുകളാണ് നബാർഡ് സ്കീമിൽ പുതുതായി നിർമിക്കുക. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. നിർമിതി കേന്ദ്രം നിർമിച്ച 361 വീടുകൾ പുതുക്കിപ്പണിയുന്നതിന് വീടൊന്നിന് 1.5 ലക്ഷം രൂപ നിരക്കിൽ 5.41 കോടി രൂപ വിനിയോഗിക്കാനും നിർദേശമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. പത്തു വർഷത്തിലധികം പഴക്കമുള്ളതും വർഷങ്ങളായി താമസമില്ലാത്തതുമായ വീടുകൾ പുതുക്കിപ്പണിതതുകൊണ്ട് പ്രയോജനമില്ലെന്ന അഭിപ്രായം ഉയർന്നിരുന്നു. വാസയോഗ്യമല്ലാത്ത വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമിച്ചുനൽകണമെന്ന ആവശ്യവും ശക്തമായി. നിലവിലുള്ള പദ്ധതികൾ പുതുക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കിയാണ് കിഡ്കോ പദ്ധതി നടപ്പാക്കുക. ഇതിനായി പുനരധിവാസ മേഖലയിലെ ഭൂമി നിർണയിക്കുന്നതിന് സർവേ സംഘത്തി​െൻറ സഹായം തേടി ജില്ല കലക്ടർക്ക് കത്ത് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.