വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയ കേസ്: പ്രതികളെ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ ഹരജി നൽകി

പയ്യന്നൂർ: തളിപ്പറമ്പ് സ്വദേശി റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പരേതനായ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിൽ റിമാൻഡിലായ അഭിഭാഷക കെ.വി. ശൈലജയെയും ഭർത്താവ് പി. കൃഷ്ണകുമാറിനെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള ഹരജി തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനായ പയ്യന്നൂർ സി.ഐ എം.പി. ആസാദ് പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതികളെ തിരുവനന്തപുരത്തും കൊടുങ്ങല്ലൂരിലും തളിപ്പറമ്പിലും ഷൊർണൂരിലുമെത്തിച്ച് തെളിവെടുക്കേണ്ടതിനാൽ 10 ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് സി.ഐ പറഞ്ഞു. തിരുവനന്തപുരത്തുള്ള ബാലകൃഷ്ണ​െൻറ വീട് ശൈലജ വിൽപന നടത്തിയിരുന്നു. ശൈലജയുടെ സഹോദരി ജാനകി, ബാലകൃഷ്ണ​െൻറ ഭാര്യയാണെന്ന് വ്യാജരേഖയുണ്ടാക്കിയായിരുന്നു വിൽപന. ഇൗ വീട്ടിൽ അന്വേഷണ സംഘം എത്തും. തിരുവനന്തപുരത്ത് ബാലകൃഷ്ണ​െൻറ വീട്ടിൽ സഹായിയായിരുന്ന സ്ത്രീയുടെയും മൊഴിയെടുക്കും. അസുഖം ബാധിച്ച ബാലകൃഷ്ണനെ തിരുവനന്തപുരത്തുനിന്ന് ശൈലജയും ഭർത്താവും നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ വഴിയിൽെവച്ച് മരിക്കുകയായിരുന്നു. ദുരൂഹമായ മരണത്തെ സംബന്ധിച്ച് കർമസമിതി പരാതി നൽകിയിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് ഇതുസംബന്ധിച്ച് പുനരന്വേഷണം നടത്തുന്നുണ്ട്. ബാലകൃഷ്ണ​െൻറ മൃതദേഹം നാട്ടിൽ കൊണ്ടുവരാതെ ഷൊർണൂരിലാണ് സംസ്കരിച്ചത്. ഷൊർണൂരിലും ബാലകൃഷ്ണനെ പ്രവേശിപ്പിച്ച കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പ്രതികളുമായി അന്വേഷണ സംഘം എത്തും. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ സഹോദരി ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തുവെന്നു തന്നെയാണ് ശൈലജ പറഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ തനിക്കൊന്നുമറിയില്ലെന്നായിരുന്നു ജാനകിയുടെ മറുപടി. കേസിൽ ഒന്നാം പ്രതിയായ ജാനകിയെ പ്രായവും അവശതയും പരിഗണിച്ച് കോടതി ജാമ്യത്തിൽ വിട്ടിരുന്നു. തളിപ്പറമ്പിലെ ബാലകൃഷ്ണ​െൻറ സ്ഥലത്തുനിന്നും ശൈലജയുടെ നേതൃത്വത്തിൽ തേക്കുമരങ്ങൾ മുറിച്ച് കടത്തിയിരുന്നു. ഇതോടെയാണ് കർമസമിതി രൂപവത്കരിച്ച് പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.