കാസർകോട്: മൊബൈൽ റീചാർജിന് ലാഭത്തിെൻറ 18 ശതമാനം ജി.എസ്.ടി അടക്കണമെന്ന തീരുമാനം വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. ജി.എസ്.ടി തങ്ങൾ അടക്കുമെന്ന് തുടക്കത്തിൽ സേവനദാതാക്കൾ ഉറപ്പുനൽകിയിരുന്നതായി വ്യാപാരികൾ പറയുന്നു. ഇൗ ഉറപ്പ് പിന്നീട് കമ്പനികൾ പാലിച്ചില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. കമീഷൻ വർധിപ്പിക്കാനുള്ള നിരന്തര ആവശ്യം വ്യാപാരികൾ ഉന്നയിക്കുന്നതിനിടയിലാണ് പുതിയ ഭാരം വന്നിരിക്കുന്നത്. രണ്ടര-മൂന്ന് ശതമാനം മാത്രമാണ് റീചാർജ് സേവനത്തിന് കമീഷൻ നൽകുന്നത്. അതുവഴി ലഭിക്കുന്ന വരുമാനത്തിെൻറ 18 ശതമാനം നികുതി വ്യാപാരി അടക്കണം. രജിസ്ട്രേഷൻ എടുക്കുക, എല്ലാ മാസവും റിേട്ടൺ സമർപ്പിക്കുക, കമ്പ്യൂട്ടർ സംവിധാനം ഒരുക്കുക തുടങ്ങിയ നടപടിക്രമങ്ങളും പൂർത്തീകരിക്കണം. സാധാരണക്കാരായ മൊബൈൽ വ്യാപാരികൾക്ക് എന്തെങ്കിലും കൈപ്പിഴ വന്നാൽ വീട്ടാൻ കഴിയാത്തത്ര പിഴ ശിക്ഷയും വന്നേക്കുമെന്ന് മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചുരുങ്ങിയത് ആറു ശതമാനം കമീഷനെങ്കിലും നൽകിയാൽ മാത്രമേ ഇനി റീചാർജ് കൂപ്പണുകൾ വിൽക്കുകയുള്ളൂവെന്ന നിലപാടിലാണ് വിൽപനക്കാർ. അതല്ലെങ്കിൽ ജി.എസ്.ടി വഴി സർക്കാറിന് ലഭിക്കേണ്ട നികുതി കമ്പനിയിൽനിന്ന് സർക്കാർ നേരിട്ട് വാങ്ങണം. ജി.എസ്.ടി വ്യാപാരികളുടെ ചുമലിൽ കെട്ടിവെക്കുന്നതിനെതിരെ കാസർകോട് ജില്ലയിൽ ഇന്നും നാളെയും മൊബൈൽ റീചാർജ് നിർത്തിവെക്കുകയാണ്. സർക്കാറോ കോർപറേറ്റുകളോ ഇടപെട്ടില്ലെങ്കിൽ സംസ്ഥാന വ്യാപകമായി റീചാർജ് വിതരണം നിർത്തിവെക്കാൻ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. സമരം ആരംഭിച്ചാൽ കമ്പനികൾക്കും സർവിസ് മേഖലക്കും വലിയ പ്രത്യാഘാതം ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.