കാസർകോട്: ജില്ലയിലെ മൊബൈൽ വ്യാപാരികൾ റീചാർജ് സേവനം നിർത്തിവെക്കാൻ തീരുമാനിച്ചതായി മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22, 23 തീയതികളിൽ സൂചന സമരമായി റീചാർജിങ് നിർത്തിവെക്കും. മൊബൈൽ നെറ്റ്്വർക്ക് കമ്പനികളും സർക്കാറും ഇടപെടാതിരുന്നാൽ റീചാർജ് സേവനം നിർത്തുന്നത് അനിശ്ചിതമായി തുടരാനാണ് തീരുമാനം. ജി.എസ്.ടി നിയമം നടപ്പായതോടെ, റീചാർജ് വഴി വ്യാപാരിക്ക് കിട്ടുന്ന തുച്ഛമായ കമീഷനിൽനിന്ന് 18 ശതമാനം നികുതി നൽകേണ്ടിവരുകയാണ്. ജി.എസ്.ടി വഴി സർക്കാറിന് ലഭിക്കേണ്ട നികുതി കമ്പനിയിൽനിന്ന് സർക്കാർ നേരിട്ട് വാങ്ങണം. മറ്റു വരുമാനമില്ലാത്ത താഴേക്കിടയിലുള്ള വ്യാപാരികളെ ദ്രോഹിക്കരുത്. നികുതി നേരിട്ട് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കമ്പനികൾ പറഞ്ഞിരുന്നു. അവർ പിന്മാറിയതിനെ തുടർന്നാണ് വ്യാപാരികൾക്ക് നിസ്സഹകരണ സമരത്തിനിറങ്ങേണ്ടിവരുന്നത്. ചെറുകിട മേഖലയിലെ പ്രശ്നങ്ങളെ പഠിക്കാതെയും തിടുക്കത്തിലുമാണ് ജി.എസ്.ടി നടപ്പാക്കിയത്. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് അഷ്റഫ് നാൽത്തടുക്ക, ജനറൽ സെക്രട്ടറി വിശ്വനാഥൻ ബദിയടുക്ക, ജില്ല വൈസ് പ്രസിഡൻറ് പ്രശാന്ത് കുമ്പള, ചിറ്റാരിക്കാൽ മേഖല പ്രസിഡൻറ് ഡെന്നീസ് പരപ്പ, കാസർകോട് മേഖല പ്രസിഡൻറ് ഹനീഫ് സെൽ കിങ്, കാസർകോട് മേഖല ജനറൽ സെക്രട്ടറി സമീർ ഗാലക്സി, ബദിയടുക്ക മേഖല ജനറൽ സെക്രട്ടറി പുഷ്പരാജ് മുള്ളേരിയ, ഇബ്രാഹീം നീർച്ചാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.