കൂത്തുപറമ്പ്: ചെറുവാഞ്ചേരി ചീരാറ്റ വടക്കൻ മാക്കൂൽ തോട്ടിൽ സിമൻറ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ട് കിലോമീറ്ററോളം വരുന്ന വടക്കൻ മാക്കൂൽ -പാറേമ്മൽപീടിക തോടാണ് സിമൻറ് മാലിന്യം കാരണം മലിനമായത്. വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്നുള്ള സിമൻറ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നതായാണ് പരാതി. സിമൻറ് കലർന്ന വെള്ളം നിരന്തരം ഒഴുകിയെത്തുന്നതിനെ തുടർന്ന് തോട് പൂർണമായും മലിനമായി. ഇതേ തുടർന്ന് പരിസരത്തെ വീടുകളിലെ കുടിവെള്ളവും മലിനമായി. നേരത്തെ നിരവധി മത്സ്യങ്ങളുണ്ടായിരുന്ന തോട്ടിലെ മത്സ്യസമ്പത്ത് മുഴുവൻ അപ്രത്യക്ഷമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനും പാട്യം പഞ്ചായത്ത് ഓഫിസിലും ചെറുവാഞ്ചേരി വില്ലേജ് അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്. പ്രശ്ന പരിഹാരമായില്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. കുടിവെള്ളം മലിനമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മുൻ പഞ്ചായത്തംഗം ഇ.എം.സി. മുഹമ്മദ്, കെ.കെ. വിനോദ്, പി. ജിൻത്ത്, ടി. ദാസൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.