നാടൻ വിഭവങ്ങൾക്ക് വിപണിയൊരുക്കി കാർഷികോൽപന്ന മേളക്ക്​ തുടക്കം

കണ്ണൂർ: തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന വിഭവങ്ങളുമായി കലക്ടേററ്റ് മൈതാനിയിൽ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപന്ന പ്രദർശന വിപണനമേള തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. നാടൻ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള സംരംഭങ്ങൾ േപ്രാത്സാഹിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. ജനങ്ങൾക്ക് സ്വയംതൊഴിൽ എന്നതിനൊപ്പം പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണവും ഉൽപാദനപരമായുള്ള വികസനവും ലക്ഷ്യമിടുന്ന സംരംഭങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ മേള സഹായകമാണെന്ന് കെ.വി. സുമേഷ് പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, വനിത ചെറുകിട വ്യവസായ യൂനിറ്റുകൾ തുടങ്ങിയവ ഒരുക്കുന്ന വൈവിധ്യ ഉൽപന്നങ്ങളുമായി 125 സ്റ്റാളുകളാണ് മേളയിലുള്ളത്. വർഷങ്ങളായി ആഘോഷ വേളകളിൽ നടത്താറുള്ള മേളയായതിനാൽ വലിയ സ്വീകാര്യത മേളക്കുണ്ട്. കുടുംബശ്രീ സംരംഭകർ വിൽപനക്കെത്തിക്കുന്ന പലഹാരങ്ങൾ, കുഞ്ഞുടുപ്പുകൾ എന്നിവക്ക് പുറമെ സിദ്ധ, -ആയുർവേദ മരുന്നുകൾ, കരകൗശല വസ്തുക്കൾ, വിവിധതരം കത്തികൾ എന്നിവ മേളയിലുണ്ട്. ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവുമാണ് മേള സംഘടിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല, ജില്ല പഞ്ചായത്ത് അംഗങ്ങളായ തോമസ് വർഗീസ്, അൻസാരി തില്ലങ്കേരി, കെ.എസ്.എസ്.ഐ.എ വൈസ് പ്രസിഡൻറ് ഒ. മൂസാൻകുട്ടി, ജില്ല അഗ്രി ഹോർട്ടികൾചറൽ സെക്രട്ടറി ബി.പി. റൗഫ്, ജില്ല വ്യവസായ കേന്ദ്രം മാനേജർ സി. രമേശൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.വി. സജീവൻ തുടങ്ങിയവർ സംസാരിച്ചു. െസപ്റ്റംബർ മൂന്നുവരെ മേള തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.