മാർജിൻ മണി വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ

കണ്ണൂർ: വ്യവസായവകുപ്പിൽനിന്ന് ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള മാർജിൻ മണി വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിന് ആനുകൂല്യം ലഭിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം യൂനിറ്റ് ഉടമയായ യഥാർഥ വായ്പക്കാരൻ മരിക്കുകയോ, സ്ഥാപനം പ്രവർത്തനരഹിതവും സ്ഥാപനത്തി​െൻറ ആസ്തികൾ വായ്പ തിരിച്ചടവിന് സാധ്യമല്ലാത്തവിധം നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിശ്ശിക തുക പൂർണമായും എഴുതിത്തള്ളും. മരിച്ച യൂനിറ്റ് ഉടമയായ വായ്പക്കാര‍​െൻറ അനന്തരാവകാശിയാണ് അപേക്ഷിക്കേണ്ടത്. യൂനിറ്റ് ഉടമ മരിച്ച കേസുകളിൽ മാർജിൻ മണി വായ്പയുടെ കാലാവധി പൂർത്തിയാക്കാൻ കാത്തിരിക്കേണ്ടതില്ല. റവന്യൂ റിക്കവറി നടപടികളിലുള്ളവ, യൂനിറ്റ് പ്രവർത്തനരഹിതമായവ, മാർജിൻ മണി വായ്പ ഉപയോഗിച്ചുവാങ്ങിയ ആസ്തികൾ കൈമാറിയിട്ടുള്ളവ ഉൾപ്പെടെയുള്ള വായ്പകളിൽ മുതലും പലിശയും ചേർന്ന തുകയാണ് തിരിച്ചടക്കേണ്ടത്. വായ്പ അനുവദിച്ച തീയതി മുതൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലേക്കുള്ള അപേക്ഷാതീയതി വരെ ആറു നിരക്കിലാണ് പലിശ. റവന്യൂ റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കിൽ ഇത് കഴിച്ചുള്ള തുക അടച്ചാൽമതി. തുക ഒറ്റത്തവണയായോ 50 ശതമാനം ആദ്യഗഡുവായും അവശേഷിക്കുന്ന തുക ഒരുവർഷത്തിനകം രണ്ടു ഗഡുക്കളായോ അടക്കാം. റവന്യൂ റിക്കവറിപ്രകാരമുള്ള കലക്ഷൻ ചാർജ് പ്രത്യേകം അടക്കണം. ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി നടത്തിപ്പിനിടെ ഏതെങ്കിലും ഘട്ടത്തിൽ വായ്പക്കാരൻ തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി റദ്ദാകും. പദ്ധതി ആനുകൂല്യത്തിനായി ജില്ല വ്യവസായകേന്ദ്രത്തിലാണ് അപേക്ഷിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.