കരിവെള്ളൂർ സഹകരണ സൊസൈറ്റി തട്ടിപ്പ്: പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി

പയ്യന്നൂർ: കരിവെള്ളൂർ ടൗണിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപ് സൊസൈറ്റിയിൽ നടന്ന മൂന്നുകോടി രൂപയുടെ മുക്കുപണ്ട പണയതട്ടിപ്പ് കേസിലെ പ്രതി പ്രദീപനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ആറു ദിവസത്തേക്കാണ് പ്രതിയെ അന്വേഷണത്തി​െൻറ ഭാഗമായി കസ്റ്റഡിയിൽ വിട്ടത്. കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. സൊസൈറ്റി സെക്രട്ടറി കരിവെള്ളൂർ തെരുവിലെ കെ.വി. പ്രദീപ​െൻറ നേതൃത്വത്തിലാണ് മുക്കുപണ്ട പണയതട്ടിപ്പു നടന്നതെന്നാണ് പരാതി. ബുധനാഴ്ച ഉച്ചക്ക് കോടതിയിൽ ഹാജരായ പ്രദീപനെ ഈമാസം 30 വരെ റിമാൻഡ്ചെയ്തിരുന്നു. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന റാക്കറ്റ് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കരിവെള്ളൂരിലെ ചിലരും പിന്നിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ മൂന്നുകോടിയിലേറെ രൂപയുടെ മുക്കുപണ്ട പണയതട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ എ. ഷൈനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ 11നാണ് പരിശോധന നടത്തിയത്. നാലുവർഷം മുമ്പ് 280 അംഗങ്ങളെ ചേർത്ത് തുടങ്ങിയതാണ് സൊസൈറ്റി. അഞ്ചുലക്ഷം രൂപ വായ്പയനുവദിച്ചതിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ പണയവസ്തു പ്രാഥമികമായി പരിശോധിച്ചപ്പോൾതന്നെ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്നാണ് മുഴുവൻ പണയവസ്തുക്കളും പരിശോധിച്ചത്. സൊസൈറ്റി പ്രസിഡൻറ് ഗിരീശൻ മാസ്റ്റർ നൽകിയ പരാതിയിലാണ് പയ്യന്നൂർ പൊലീസ് അന്വേഷണം നടത്തുന്നത്. അതിനിടെ ഇടപാടുകാർ അങ്കലാപ്പിലാണ്. പ്രതിയുമായി പൊലീസ് വിവിധ സ്ഥലങ്ങളിലെത്തി തെളിവെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.