കൃഷി ഓഫിസറില്ല; കൂത്തുപറമ്പ് നഗരസഭയിൽ കേരഗ്രാമം പദ്ധതി അവതാളത്തിൽ

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതി നടപ്പിലാക്കേണ്ട കൂത്തുപറമ്പ് കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസറില്ലാത്തതിനെ തുടർന്ന് പദ്ധതി നിർവഹണം ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനിടെ, 75 ലക്ഷം രൂപയുടെ ആനൂകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുന്ന പ്രത്യേക പദ്ധതി നഷ്ടപ്പെടുമോ എന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് സർക്കാറി​െൻറ പ്രത്യേക പദ്ധതിയായ കേരഗ്രാമം നടപ്പിലാക്കുന്നത്. നാളികേര മേഖലയിലെ സമഗ്ര വികസനമാണ് കേരഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഉൽപാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റുന്നതോടൊപ്പം അത്യുൽപാദന ശേഷിയുള്ള മികച്ചയിനം തെങ്ങിൻ തൈകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വ്യാപകമായി െവച്ചുപിടിപ്പിക്കുന്നത്. അതോടൊപ്പം തെങ്ങിന് തടം ഒരുക്കുന്നതിനും തെങ്ങി​െൻറ ഉൽപാദനശേഷി വർധിപ്പിക്കുന്നതിനുമുള്ള വളപ്രയോഗം ഉൾപ്പെടെ നിരവധി കാര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയുടെ പദ്ധതികൾ കൂത്തുപറമ്പ് നഗരസഭയിൽ മാത്രം വിഭാവനം ചെയ്തിട്ടുള്ളതിനാൽ മിക്ക കർഷകർക്കും ഇതി​െൻറ പ്രയോജനം ലഭിക്കും. എന്നാൽ, പദ്ധതി നടപ്പിലാക്കേണ്ട കൂത്തുപറമ്പ് കൃഷിഭവനിൽ സ്ഥിരം കൃഷി ഓഫിസറില്ലാത്തതിനാൽ പദ്ധതി നിർവഹണം പൂർണതോതിൽ ആരംഭിച്ചിട്ടില്ല. നേരത്തേ ഉണ്ടായിരുന്ന കൃഷി ഓഫിസർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് സ്ഥിരം കൃഷി ഓഫിസറെ ഇനിയും നിയമിച്ചിട്ടില്ല. എളയാവൂർ കൃഷി ഓഫിസറാണ് ഇപ്പോൾ കൂത്തുപറമ്പ് കൃഷിഭവ​െൻറയും ചുമതലയും വഹിക്കുന്നത്. നടീൽ വസ്തുക്കളുടെയും മറ്റും വിതരണം നടക്കുന്ന സമയമായതിനാൽ കേരഗ്രാമം പദ്ധതി എല്ലാവരും മറന്ന അവസ്ഥയിലാണ്. അതേസമയം, കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കൃഷി ഭവ​െൻറ ശോച്യാവസ്ഥയും പദ്ധതി നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നു. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഫയലുകൾ സൂക്ഷിക്കാൻ ജീവനക്കാർ പ്രയാസപ്പെടുകയാണ്. മുൻ കൃഷിമന്ത്രി കെ.പി.മോഹന​െൻറ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ കെട്ടിടം പുതുക്കിപ്പണിയാനുള്ള തീരുമാനം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടം യാഥാർഥ്യമായിട്ടില്ല. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും, കൃഷിഭവന് പുതിയ കെട്ടിടം നിർമിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടികളൊന്നും ഇനിയും ആരംഭിച്ചിട്ടില്ല. കൃഷി ഭവൻ പുതുക്കിപ്പണിയണമെന്നതോടൊപ്പം കൃഷി ഓഫിസറെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.