സ്വകാര്യബസുകളുടെ മരണയോട്ടത്തിന്​ പിന്നിൽ ബത്തസമ്പ്രദായവും

വടകര: ദീർഘദൂര സ്വകാര്യബസുകളുടെ മത്സരയോട്ടം യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് നിത്യസംഭവമാണ്. നിരവധി അപകടങ്ങൾക്ക് കാരണമായിട്ടും മത്സരയോട്ടം അവസാനിക്കാത്തതിന് പിന്നിൽ ചില രഹസ്യങ്ങളുണ്ട്. അത്, തീർത്തും തൊഴിലാളി ചൂഷണത്തിേൻറതാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ദീർഘദൂരബസുകളിൽ പലതിനും തൊഴിലാളികൾക്ക് ശമ്പളമില്ല. പകരം ബത്തസമ്പ്രദായമാണ് നിലവിലുള്ളത്. സ്റ്റാർട്ടിങ് ബത്ത എന്ന പേരിൽ 300രൂപവരെ നൽകും. തുടർന്ന്, 100 രൂപക്ക് ഒമ്പത് രൂപ ഡ്രൈവർ, എട്ട് രൂപ കണ്ടക്ടർ, ഏഴ് രൂപ ക്ലീനർ എന്നിങ്ങനെയാണ് നൽകുന്നത്. 10,000 രൂപക്ക് മുകളിൽ വരുമാനമായാൽ ആയിരത്തിന് 100 രൂപവരെ ബത്ത ലഭിക്കും. ഈ സംവിധാനത്തിൽ സർവിസ് നടത്തുന്ന ബസുകളിൽ ജീവനക്കാർക്ക് ഉത്സവബത്തകളോ മറ്റ് അലവൻസുകളോ ഒന്നുമില്ല. ലോക്കൽ റൂട്ടുകളിൽ ഓടുന്ന ബസുകളിൽ ഡ്രൈവർക്ക് 850 രൂപ മുതൽ ദിവസക്കൂലി നൽകുന്നുണ്ട്. ബത്തസമ്പ്രദായം നിലനിൽക്കുന്ന ബസുകളിൽ ജീവനക്കാർക്ക് സർവിസ് തടസ്സപ്പെട്ടാൽ അതുവരെ കിട്ടിയ വരുമാനത്തി‍​െൻറ വിഹിതം മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തിൽ യഥാസമയം ബസി‍​െൻറ അറ്റകുറ്റപ്പണികൾ നടത്താൻ ജീവനക്കാർ തയാറാവില്ല. കാരണം, ഒരു ട്രിപ്പ് നഷ്ടപ്പെട്ടാൽ അത്രയും തുക വരുമാനത്തിൽ കുറയും. ഇതേസമയം, ലോക്കൽ റൂട്ടുകളിലെ ജീവനക്കാർ ബസുകളുടെ തകരാറുകൾ പരിഹരിക്കാൻ കൂടുതൽ ഉത്സാഹം കാണിക്കും. കാരണം, ഓടിയാലും ഇല്ലെങ്കിലും ജീവനക്കാർക്ക് കൂലി ലഭിക്കും. ഇത്തരം സമ്മർദത്തി‍​െൻറ ഫലമായാണ് ദീർഘദൂരബസുകളിലെ ജീവനക്കാരിൽ ചിലർ ലഹരി ഉപയോഗിക്കുന്നവരും മറ്റുമായി മാറുന്നതെന്ന് ബസ് മേഖലയിലുള്ളവർ തന്നെ പറയുന്നു. കഴിഞ്ഞദിവസം വടകരയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനക്കിടെ 45 യാത്രക്കാരെയും കൊണ്ട് സർവിസ് നടത്തിയ ബസിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. മത്സരയോട്ടത്തി‍​െൻറ സമ്മർദം സഹിക്കാൻ കഴിയാതെ പലരും ഈ മേഖല ഉപേക്ഷിച്ചുപോവുകയാണ്. അതിനാൽ ജീവനക്കാർക്കുള്ള ക്ഷാമം വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു. ഇത്, വിശ്രമമില്ലാതെ ജോലിചെയ്യാൻ ചിലരെ പ്രേരിപ്പിക്കുന്നു. ബസ് ജീവനക്കാരിലെ ലഹരിഉപയോഗവും മത്സരയോട്ടവും അവസാനിപ്പിക്കുന്ന തുടർപരിശോധനകൾ നടത്തുമെന്ന് റൂറൽ എസ്.പി. എം.കെ. പുഷ്കരൻ 'മാധ്യമ'ത്തോട് പറഞ്ഞു. അനൂപ് അനന്തൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.