റൊട്ടി പഴകിയാൽ റസ്ക്, ഇന്നത്തെ ചിക്കൻഫ്രൈ നാളത്തെ ചിക്കൻ കറി; കടുത്ത നടപടിക്ക് ആരോഗ്യവകുപ്പ്

പയ്യന്നൂർ: നഗരസഭ ആരോഗ്യവിഭാഗം അധികൃതർ നഗരത്തിലെ ബേക്കറി ഗോഡൗണിൽ പരിശോധനക്കെത്തിയപ്പോൾ കണ്ടത് പഴയ റൊട്ടിക്കൂമ്പാരം കൂട്ടിവെച്ചതാണ്. നാളെ റസ്ക്കി​െൻറ രൂപത്തിൽ കടകളിലെത്താൻ കാത്തിരിക്കുന്ന റൊട്ടിക്കൂമ്പാരമാണിതെന്ന് അറിഞ്ഞപ്പോൾ ഉദ്യോഗസ്ഥർ അമ്പരന്നു. ഹോട്ടലിലെ പഴകിയ ചിക്കൻഫ്രൈ, നാളെ ചിക്കൻകറിയായി രൂപംമാറും. ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടത് പഴകിയ ഭക്ഷണപദാർഥങ്ങളും വൃത്തിഹീനമായ പരിസരവും. പെരുമ്പയിലെ ഹോട്ടൽ ദാസാഡൈൻ, പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഹോട്ടൽ സെവന്ത് ലോഞ്ച്, ഹോട്ടൽ കാർത്തിക്, കണ്ടങ്കാളിയിലെ സനൽ ബേക്കറി, തായത്തുവയലിലെ സമൂസ നിർമാണകേന്ദ്രം തുടങ്ങിയവയിലാണ് ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തി പഴയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തത്. ഏറെ വൃത്തിഹീനമായ തായത്തുവയലിലെ സമൂസ നിർമാണകേന്ദ്രം അടച്ചുപൂട്ടാൻ നിർദേശം നൽകി. ആയിരത്തോളം സമൂസ ഇവിടെനിന്ന് പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് സഞ്ചികളും പിടികൂടി. കഴിഞ്ഞദിവസം പഴയ ബസ്സ്റ്റാൻഡിലെ രവീന്ദ്ര ഹോട്ടൽ, പെരുമ്പയിലെ കുവൈത്ത് ഹോട്ടൽ, കേളോത്തെ സിറ്റി ഡൈൻ, പെരുമ്പയിലെ പയ്യന്നൂർ ബേക്കേഴ്സ് എന്നിവിടങ്ങളിൽനിന്ന് പഴകിയഭക്ഷണം പിടികൂടിയിരുന്നു. ഭേൽപുരി വിൽക്കുന്ന മൂന്നു വണ്ടികളും പിടികൂടി. ചൊവ്വാഴ്ച നടന്ന റെയ്ഡിൽ മുകുന്ദ ആശുപത്രിക്ക് സമീപത്തെ ഒരു സഹകരണസംഘം ഹോട്ടലിൽനിന്ന് നഗരത്തിലെ ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയ പൈപ്പും അധികൃതർ കണ്ടെത്തി. രാവിലെ നടന്ന പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ദാമോദരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രമോദ്, ജോഷ്വ എന്നിവർ നേതൃത്വം നൽകി. ഉടമകളിൽനിന്ന് 2000 മുതൽ 5000 രൂപവരെ പിഴ ഈടാക്കി. ഒരു മാസത്തിനകം തൊഴിലാളികൾക്ക് ആരോഗ്യ കാർഡ് ലഭ്യമാക്കാത്ത ഹോട്ടലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.