കാർഷിക സംസ്കൃതിയുടെ ഒാർമകളുണർത്തി ഇല്ലംനിറ

പയ്യന്നൂർ: മൺമറഞ്ഞ കാർഷിക സംസ്കൃതിയുടെ സ്മരണയുണർത്തി ഇല്ലംനിറ ആഘോഷം. കന്നിക്കൊയ്ത്തി​െൻറ മുന്നോടിയായി, വിരിഞ്ഞ കതിരുകൾ ക്ഷേത്രങ്ങളിൽ പൂജിച്ച് നിറക്കുമ്പോൾ കാർഷിക സംസ്കാരം നിലനിർത്താനുള്ള ഓർമപ്പെടുത്തലാണ് പഴയ തലമുറ ലക്ഷ്യമിട്ടത്. വയലേലകളിൽനിന്ന് പൂവിട്ട നെൽകതിരുകൾ ആദ്യമായി വീടുകളിലെത്തുന്നത് ഇല്ലംനിറക്കാണ്. ഇത് പ്രദേശത്തെ പ്രധാന ക്ഷേത്രത്തിൽ പൂജിച്ച ശേഷമാണ് കർഷകർ വീടുകളിൽ കൊണ്ടുനിറക്കുന്നത്. ക്ഷേത്രത്തിലും ഇത് കെട്ടുക പതിവാണ്. പഴയ തലമുറയുടെ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചുള്ള ജാഗ്രതയും നിറയിൽ കാണാം. നിറയോലം ഇതിനുദാഹരണമാണ്. മാവ്, പ്ലാവ്, നെല്ലി, കായൽ, വട്ടഫലം, പാതിരി, പൊലുവള്ളി, എരുവള്ളി, അരയാൽ, ആൽ, കാഞ്ഞിരം തുടങ്ങി പത്തോളം സസ്യങ്ങളുടെ ഇലകൾ ഉപയോഗിച്ചാണ് നിറയോലം കെട്ടുന്നത്. നെൽക്കതിർ ഇതിൽ തിരുകിവെക്കും. കെട്ടാൻ തെങ്ങോലയുടെ പുറംതൊലിയായ പാന്തമാണ് ഉപയോഗിക്കുന്നത്. നെൽകൃഷിയോടൊപ്പം വിവിധ സസ്യങ്ങൾ കൂടി നിലനിൽക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. പഴയ തലമുറ കാടുകൾ കയറി നിറയോലത്തിനുവേണ്ട ഇലകൾ ശേഖരിച്ചത് ആഘോഷപ്പൊലിമേയാടെയാണ്. പുൽവർഗത്തിൽപ്പെട്ട കായൽ മുതൽ വൃക്ഷരാജനായ അരയാൽ വരെ ഈ സംസ്കൃതിയിൽ ഭാഗമാക്കപ്പെടുന്നു. പല പ്രദേശങ്ങളിലും ഇല്ലംനിറ ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ വീടുകളിലും ഇത് തിരിച്ചുവരുന്നുണ്ട്. അനുഷ്ഠാന പൊലിമയോടൊപ്പം, മൺമറയുന്ന കാർഷിക സംസ്കൃതിയും സസ്യവൈവിധ്യവും തിരിച്ചുവരണമെന്നാണ് പഴയ തലമുറയുടെ ആവശ്യം. പി.വൈ.ആർ.നിറ 1 കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ നിറയുത്സവത്തി​െൻറ ഭാഗമായി മേൽശാന്തി മുരളീകൃഷ്ണൻ നമ്പൂതിരി കതിർ പൂജിക്കുന്നു 2 പൂജിച്ച കതിർ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.