ഇവർ വെടിയുണ്ടയുടെ മുകളിൽ കൊടി ഉയർത്തിയവർ

കൊളോണിയൽ ഭരണത്തിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതി​െൻറയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്രരാജ്യമായതി​െൻറയും ഓർമക്കായി എല്ലാവർഷവും ആഗസ്റ്റ് 15-ന്‌ നാം സ്വാതന്ത്ര്യദിനം ആചരിക്കുന്നു. വൈദേശികശക്തികൾെക്കതിരെ പതിറ്റാണ്ടുകൾനീണ്ട സമരത്തി​െൻറ ഫലമാണ് 70 വര്‍ഷം മുമ്പ്‌ ലോകം ഉറങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്‌ ഉണര്‍ന്നത്‌. ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരം സഹനമാര്‍ഗം മാത്രമായിരുന്നില്ല. ദീര്‍ഘമായ സമരത്തിൽ സംഘര്‍ഷങ്ങളും രക്തസാക്ഷികളുമായവർ നിരവധിയാണ്‌. ഉത്തരമലബാറിൽ നടന്ന ആ സമരമുഖങ്ങളെയും ഇടങ്ങളെയും ഒരിക്കൽകൂടി ഒാർത്തെടുക്കുകയാണിവിടെ... പയ്യന്നൂർ: കേരളത്തിലെ ദേശീയപ്രസ്ഥാനത്തി​െൻറ ഊട്ടുപുരയാണ് രണ്ടാം ബർദോളി എന്ന പയ്യന്നൂർ. പോരാട്ടവീര്യം സിരകളിൽ പടർന്നുകയറിയ യുവത്വം ജീവൻ പണയപ്പെടുത്തിയും അധിനിവേശവിരുദ്ധസമരത്തിന് ഊർജം പകർന്നു. സമരം തകർക്കാൻ സ്പെഷൽ പൊലീസ് റോന്തുചുറ്റുന്ന കാലം. ആരെ കണ്ടാലും കൊല്ലിനും കൊലക്കും കുലാധികാരമുള്ള കാക്കിധാരികൾ കാവലിരുന്ന പൊലീസ് സ്റ്റേഷനു മുന്നിലെ കൊടിമരത്തിൽനിന്ന് യൂനിയൻ ജാക്ക് വലിച്ചുകീറി മൂവർണപതാക ഉയർത്തിയ വീരസാഹസികത പയ്യന്നൂരി​െൻറ പോരാട്ടചരിത്രത്തിൽ ദീപ്തസ്മരണയായി നിലനിൽക്കുന്നു. ടി.സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ, എ.കെ. കുഞ്ഞിരാമ പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ് എന്നിവരായിരുന്നു വെടിയുണ്ടക്ക് മുകളിൽ പതാക ഉയർത്തിയ ധീരദേശാഭിമാനികൾ. ആഗസ്റ്റ് വിപ്ലവത്തി​െൻറ ആവേശംനിറഞ്ഞ കാലം. തെക്കെ ബസാറിലെ കോൺഗ്രസ് ഓഫിസ് പൂട്ടി സീൽവെച്ചു. ഇതിനെതിരെയുള്ള സമരപരിപാടികളെക്കുറിച്ച് കുറച്ച് ചെറുപ്പക്കാർ രഹസ്യയോഗം ചേർന്ന് ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. പയ്യന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലുള്ള കൊടിമരത്തിൽനിന്ന് യൂനിയൻ ജാക്ക് വലിച്ചുതാഴ്ത്തി ദേശീയതയുടെ പ്രതീകമായ ത്രിവർണപതാക ഉയർത്തുക. അർധരാത്രി കഴിഞ്ഞു. പട്രോൾഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ റോന്തുചുറ്റുകയാണ്. അവർ കാണാമറയത്തായപ്പോൾ മൂവരും സ്റ്റേഷനു മുന്നിലെത്തി. പാറാവുപൊലീസുകാർ അർധമയക്കത്തിലാണ്. പട്രോൾഡ്യൂട്ടിയിലുള്ളവർ തിരിച്ചുവരുന്നുണ്ടോ എന്നറിയാൻ കുഞ്ഞിരാമ പൊതുവാൾ കാവലിരുന്നു. ടി.സി.വിയും കുഞ്ഞമ്പുസറാപ്പും കൊടിമരത്തിനടുത്തെത്തി. ഇരുമ്പുപൈപ്പ് ആടി ഉലയാതിരിക്കാൻ മുറുകെ പിടിച്ചുനിന്ന കുഞ്ഞമ്പുസറാപ്പി​െൻറ ചുമലിൽ കയറിനിന്ന ടി.സി.വി കുഞ്ഞിക്കണ്ണ പൊതുവാൾ അധിനിവേശത്തി​െൻറ അടയാളം വലിച്ചുകീറി ത്രിവർണപതാക കെട്ടി. നിമിഷനേരംകൊണ്ട് ദൗത്യം പൂർത്തിയാക്കി പിൻവാങ്ങി. മരണം മുന്നിൽകണ്ട നിമിഷം. എങ്കിലും ലക്ഷ്യം സഫലമായതി​െൻറ ആഹ്ലാദത്തിലായിരുന്നു പോരാളികൾ. പിറ്റേന്നാൾ രാവിലെ ഒമ്പതുമണിവരെ പൊലീസ് കൊടിമരത്തിൽ ത്രിവർണപതാക പാറിക്കളിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അമ്പരന്നു. ഇത്രവലിയ കാവലുണ്ടായിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. എന്നാൽ, സ്വാതന്ത്ര്യസമര പോരാളികളുടെ മനസ്സുകളിൽ സംഭവം ആവേശം പടർത്തി. പിന്നീടുള്ള പോരാട്ടങ്ങൾക്കും നിയമലംഘനങ്ങൾക്കും മൂന്ന് ചെറുപ്പക്കാരുടെ ധീരത ഊർജം പകർന്നു. അധികാരികൾക്കാകട്ടെ പയ്യന്നൂരി​െൻറ പോരാട്ടവീര്യം വെല്ലുവിളിയുയർത്തുകയുംചെയ്തു. വെടിയുണ്ടയെ തൃണവത്കരിച്ച പോരാട്ടത്തിന് 75 വർഷം പിന്നിടുകയാണ്. അമ്പതാം വാർഷികം ആഘോഷിച്ചിരുന്നുവെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. പഴയ കൊടിമരം ഉണ്ടായ സ്ഥാനത്ത് ക്വിറ്റ് ഇന്ത്യ സ്തൂപം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.