പഞ്ചാരക്കൊല്ലിയിലെ മാവോവാദി സാന്നിധ്യം; പൊലീസ്​ നിരീക്ഷണം ശക്തമാക്കി

കേളകം: മാനന്തവാടിക്ക് സമീപം പഞ്ചാരക്കൊല്ലിയിൽ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്, കണ്ണൂർ ജില്ലയിൽ മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. പഞ്ചാരക്കൊല്ലിയിലെത്തിയ മാവോവാദികൾ പോസ്റ്ററുകളും ലഘുലേഖകളും 'കാട്ടുതീ'യുടെ കോപ്പികളും പതിച്ചിരുന്നു. ഇതേത്തുടർന്നാണ് വയനാട് അതിർത്തി പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ജില്ലയുടെ പ്രവേശന കവാടമായ ബോയ്സ് ടൗൺ 42ാം മൈലിൽ തണ്ടർ ബോൾട്ട് സേനയും പരിശോധന തുടങ്ങി. കഴിഞ്ഞയാഴ്ച, മാവോവാദി ഭീഷണി നിലനിൽക്കുന്ന കരിക്കോട്ടക്കരിയിൽ മാവോവാദികൾ ക്വാറി വിരുദ്ധ പോസ്റ്ററുകൾ പതിച്ചിരുന്നു. മലയോര മേഖലകളിലെ മാവോവാദി ഭീഷണിയുള്ള കേളകം, ആറളം, കരിക്കോട്ടക്കരി, കുടിയാന്മല, പെരിങ്ങോം, കണ്ണവം പൊലീസ് സ്റ്റേഷനുകൾക്ക് നിലവിൽ തണ്ടർ ബോൾട്ട് സേനയുടെ സുരക്ഷയുണ്ട്. മാവോവാദികളുടെ ഭീഷണിയുള്ള പൊലീസ് സ്റ്റേഷനുകളിൽ കൂറ്റൻ ചുറ്റുമതിലും സി.സി.ടി.വി കാമറകളും ഉയരത്തിലുള്ള മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്്. ജില്ലയിൽ മാവോവാദികളുടെ ശക്തമായ സാന്നിധ്യമുള്ള മലയോരത്ത് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലി​െൻറ നേതൃത്വത്തിലാണ് നിരീക്ഷണം. കഴിഞ്ഞമാസം മാവോവാദി സംഘമെത്തിയ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമച്ചി കോളനി, ആറളം ഫാമിനോട് ചേർന്ന വിയറ്റ്നാം കോളനി, നിടുംപൊയിൽ -24ാം മൈൽ, ചെക്യാട് എന്നിവിടങ്ങളിലും അതിർത്തി വനപ്രദേശങ്ങളിലും ആദിവാസി കോളനി പ്രദേശങ്ങളിലുമാണ് പൊലീസ് നിരീക്ഷണം ഉൗർജിതമാക്കിയത്. രഹസ്യാന്വേഷണ വിഭാഗവും കനത്ത ജാഗ്രതയിലാണ്. സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ പറ്റിയുള്ള വിവരങ്ങൾ പൊലീസിൽ അറിയിക്കാനും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.