കേന്ദ്ര സർവകലാശാല: ഹോസ്​റ്റൽ പ്രശ്നത്തിൽ താൽക്കാലിക പരിഹാരവുമായി എം.പി

പെരിയ: കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികളുടെ ഹോസ്റ്റൽ പ്രശ്നത്തിന് പി. കരുണാകരൻ എം.പിയുടെ ഇടപെടലിലൂടെ താൽക്കാലിക പരിഹാരം. വിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരമുള്ള താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർവകലാശാല അധികൃതർക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് എം.പിയുടെ ഇടപെടൽ. കാർഷിക സർവകലാശാലയിലെ പടന്നക്കാട് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിൽ നിലവിൽ ഒഴിവുള്ള 25ഉം കണ്ണൂർ സർവകലാശാലയുടെ ചാല കാമ്പസിൽ ഒഴിവുള്ള 50ഉം എണ്ണം താമസസൗകര്യം കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്ക് നൽകാനാണ് ധാരണയായത്. കേന്ദ്ര സർവകലാശാലയിൽ നിലവിലുള്ള അതേ ഫീസ് തന്നെയാവും ഈ ഹോസ്റ്റലുകളിൽ ഈടാക്കുക. ഇതിനു പുറമെ, കുട്ടികൾക്കാവശ്യമായ കട്ടിൽ, മേശ, അലമാര, രാത്രികാല സുരക്ഷ സംവിധാനം എന്നിവ കേന്ദ്ര സർവകലാശാല നൽകണം. ഇതോടെ നിലവിൽ കേന്ദ്ര സർവകലാശാലയിലുള്ള 171 വിദ്യാർഥികളിൽ 75 പേർക്ക് താമസസ്ഥലം ലഭ്യമാവും. താൽക്കാലിക സംവിധാനങ്ങളെക്കുറിച്ച് കേന്ദ്ര സർവകലാശാല അധികൃതർ പറയുന്നുണ്ടെങ്കിലും അത്തരം നടപടികൾക്ക് കാലതാമസം നേരിടുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് വിദ്യാർഥി സംഘടന നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസുമായും പി. കരുണാകരൻ എം.പിയുടെ ഓഫിസുമായും ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പ്രശ്നത്തിൽ എം.പി ഇടപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.