ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭൂതിയായി ‘തളപ്പ്’

തൃക്കരിപ്പൂര്‍: കുലത്തൊഴിലിനെ അടിസ്ഥാനമാക്കിയായിരുന്നു ജാതി നിശ്ചയിച്ചത്. എന്നാല്‍, തൊഴിലെടുക്കാന്‍ ജാതിയും മതവും തടസ്സമാകുമ്പോള്‍ അതിനെ തകര്‍ത്തെറിഞ്ഞ് സ്ത്രീശക്തിയുടെ കൂട്ടായ്മയൊരുക്കുകയാണ് തളപ്പ് എന്ന നാടകം. ജ്വാല തിയറ്റേഴ്സ് ഉദിനൂര്‍, കിനാത്തില്‍ വായനശാല വനിതാവേദി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘തളപ്പ്’ നാടകമാണ് ആസ്വാദകര്‍ക്ക് മുന്നില്‍ പുത്തന്‍ ആശയവുമായി രംഗത്തത്തെിയിരിക്കുന്നത്. നാട്ടുജീവിതത്തിന്‍െറ നേര്‍കാഴ്ച തന്നെയാണ് നാടകം മുന്നോട്ട് വെക്കുന്നത്. ഗ്രാമപ്രദേശത്ത് ആകെയുള്ള ഒരു തെങ്ങുകയറ്റക്കാരന്‍െറ ജീവിതത്തിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കാന്‍പോലും ഇയാള്‍ക്ക് സമയം കിട്ടുന്നില്ല. ഭാര്യയോട് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോപോലും സമയം ലഭിക്കാത്ത സ്ഥിതി. ഇത്തിരി വിശ്രമത്തിന് വേണ്ടി പല വഴികളും ഇയാള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ നടപ്പാകുന്നില്ല. തെങ്ങ് കയറാന്‍ ആണുങ്ങളാരും തയാറാവാത്തതിനാല്‍ അയല്‍വാസികളായ പെണ്ണുങ്ങള്‍ സംഘമായി തെങ്ങ് കയറാന്‍ തയാറാകുന്നു. പരിശീലനം നേടി തെങ്ങ് കയറാനാരംഭിക്കുന്നു. ജാതി- മത കോമരങ്ങള്‍ ഇതിനെ തകര്‍ക്കാനുള്ള വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയും ചെയ്യുന്നു. ഈ ശക്തികളെ പെണ്‍കൂട്ടായ്മ പ്രതിരോധിച്ച് മുന്നേറുകയും ചെയ്യുന്നു. തെങ്ങിന് മുകളില്‍ കയറിയ പെണ്‍ പട കാണുന്നത് അതിരുകള്‍ മാഞ്ഞുപോയ പച്ചപ്പ് നിറഞ്ഞ ഭൂമിയെയാണ്. ഒന്നുപോലെയുള്ള മനുഷ്യര്‍, വര്‍ണഭേദവും ലിംഗ ഭേദവുമില്ലാത്ത ഒരു ലോകം. മുകളിലേക്ക് കയറാന്‍ അനുമതി നിഷേധിച്ച സ്ത്രീകള്‍ ഏതോ ഒരു നിമിഷത്തില്‍ മുകളിലത്തെിയപ്പോള്‍ കാണുന്ന കാഴ്ചകളിലൂടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്‍െറയും അവകാശ സംരക്ഷണത്തിന്‍െറും മഹത്തായ സന്ദേശം നാടകം വരച്ച് കാട്ടുന്നു. അവര്‍ ഒരു സമൂഹത്തെ വേലിക്കെട്ടുകളില്ലാത്ത ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പ്രാപ്തരാണെന്നും സ്ത്രീകള്‍ സമൂഹത്തില്‍ തുല്യ സ്ഥാനം വഹിക്കാന്‍ പ്രാപ്തരാണെന്നുമുള്ള അടയാളപ്പെടുത്തലാകുന്നു നാടകം. അസീസ് പെരിങ്ങോടാണ് നാടകത്തിന്‍െറ രചന. വിജിന്‍ദാസ് കിനാത്തിലാണ് നാടകം സംവിധാനം ചെയ്തത്. പി.പി. ജയനാണ് സംഗീതം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.