സമ്പൂര്‍ണ ഇ-സാക്ഷരതക്ക് പദ്ധതി

കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ ഇ-സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതിയുടെയും ജില്ലാപഞ്ചായത്തിന്‍െറയും പദ്ധതി. ലോക സാക്ഷരതാ ദിനാഘോഷത്തിന്‍െറ ഭാഗമായി ജില്ലാപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സാക്ഷരതാ ക്ളാസിലാണ് സാക്ഷരതാ ചെയര്‍മാന്‍കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഇ-സാക്ഷരതാപദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സേവനങ്ങളടക്കമുള്ള കാര്യങ്ങള്‍ സാങ്കേതികവിദ്യ അടിസ്ഥാനത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. സാധാരണപൗരന് നിത്യജീവിതത്തില്‍ ഇ-സാക്ഷരത ഒഴിച്ചുകൂടാന്‍കഴിയാത്ത കാര്യമായി മാറിയിട്ടുണ്ടെന്ന് കെ.വി. സുമേഷ് പറഞ്ഞു. വിവര സാങ്കേതികവിദ്യ പ്രയോഗത്തിന്‍െറ പ്രാഥമിക ധാരണപോലുമില്ലാത്തതിനാല്‍ ഭൂരിപക്ഷം സാധാരണ മനുഷ്യര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇ-സാക്ഷരതാ പദ്ധതി ആലോചിച്ചത്. ഈ വര്‍ഷം എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു വാര്‍ഡില്‍ പൈലറ്റ് പ്രോജക്ടായി പദ്ധതി ആരംഭിക്കും. ഇതിനാവശ്യമായ സര്‍വേ പ്രവര്‍ത്തനവും വിശദമായി പദ്ധതി രൂപവത്കരണവും നടത്തേണ്ടതുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും സംഘടനകളെയും സഹകരിപ്പിച്ചുള്ള വിപുലമായ ജനകീയ പ്രസ്ഥാനമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. അടുത്തവര്‍ഷത്തോടെ ജില്ലയിലാകെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്കൂളുകള്‍, വായനശാലകള്‍ എന്നിവയുടെ സൗകര്യങ്ങള്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ പ്രവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്ററെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരതീയ വിജ്ഞാന്‍സമിതി ദേശീയസമിതി അംഗം ടി. ഗംഗാധരന്‍ വിഷയാവതരണം നടത്തി. ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, ജില്ലാപഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി, ജില്ലാപഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. പത്മരാജ്, എസ്.എസ്.എ പ്രോജക്ട് ഓഫിസര്‍ ഡോ. പി.വി. പുരുഷോത്തമന്‍, ഐ.ടി മിഷന്‍ കോഓഡിനേറ്റര്‍ ജയരാജ്, പ്ളാന്‍ കോഓഡിനേറ്റര്‍ കെ.വി. ഗോവിന്ദന്‍, മേഖലാ കോഓഡിനേറ്റര്‍ ഷാജി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഓഡിനേറ്റര്‍ പി.എന്‍. ബാബു സ്വാഗതവും നോഡല്‍ പ്രേരക് വസന്ത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.