മാഹി തിരുനാള്‍: നഗര പ്രദക്ഷിണം ഭക്തിനിര്‍ഭരം

മാഹി: മാഹി സെന്‍റ് തെരേസ തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാള്‍ മഹോത്സവത്തിന്‍െറ ഭാഗമായി നടന്ന നഗരപ്രദക്ഷിണം ഭക്തിനിര്‍ഭരമായി. മഹോത്സവത്തിന്‍െറ പ്രധാന ദിവസമായ വെള്ളിയാഴ്ച തിരുനാള്‍ ജാഗരത്തില്‍ വൈകീട്ട് ഏഴോടെയാണ് ദേവാലയത്തില്‍നിന്നും പ്രദക്ഷിണം തുടങ്ങിയത്. ദീപങ്ങളാലും പുഷ്പമാല്യങ്ങളാലും അലങ്കരിച്ച രഥത്തില്‍ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപവും വഹിച്ചുള്ള നഗരപ്രദക്ഷിണം പഴയ പോസ്റ്റോഫിസ്, ടാഗോര്‍ പാര്‍ക്ക്, മൈതാനം റോഡ്, പൂഴിത്തല, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ആശുപത്രി കവല, ലാഫാര്‍മ റോഡ്, ആനവാതുക്കല്‍ ക്ഷേത്രം, സെമിത്തേരി റോഡുവഴി ദേവാലയത്തില്‍ അവസാനിച്ചു. ബാന്‍ഡ് വാദ്യം, കൊമ്പിരി സംഘം, ശിങ്കാരിമേളം, ഗായകസംഘം, ചെണ്ടമേളം, അള്‍ത്താര ബാലകര്‍, വൈദികര്‍, സന്ന്യാസിനികള്‍, വിവിധ കുടുംബ യൂനിറ്റുകള്‍, സംഘാടക സമിതി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം. ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ നേതൃത്വം നല്‍കി. വൈകീട്ട് 5.15ഓടെ നടന്ന സാഘോഷ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കാര്‍മികത്വം വഹിച്ചു. ദേവാലയത്തിലത്തെിയ ആര്‍ച് ബിഷപ്പിന് റെയില്‍വേ സ്റ്റേഷന്‍ റോഡ് കവലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കിയ ശേഷം പള്ളിയിലേക്ക് ആനയിച്ചു. ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ, സഹവികാരി ജോസ് യേശുദാസന്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാമുവല്‍ ഫെര്‍ണാണ്ടസ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘാടക സമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 15ന് പുലര്‍ച്ചെ രണ്ടിന് ശയനപ്രദക്ഷിണം തുടങ്ങി. രാവിലെ ഏഴിന് സമാപിക്കും. ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച തിരുസ്വരൂപത്തില്‍ മാല ചാര്‍ത്തി വണങ്ങുന്നതിന് കനത്ത തിരക്കനുഭവപ്പെട്ടു.15ന് രാവിലെ 10.30ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍െറ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. വൈകീട്ട് അഞ്ചിന് മേരിമാത കമ്യൂണിറ്റി ഹാളില്‍ മതമൈത്രി സംഗമവും ഉണ്ടാകും. ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് രൂപത മെത്രാന്‍ അധ്യക്ഷത വഹിക്കും. 22ന് രാവിലെ 10.30ന് തലശ്ശേരി അതിരൂപത മെത്രാന്‍ ജോര്‍ജ് ഞരളക്കാട്ടിന്‍െറ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി നടക്കും. ഉച്ചകഴിഞ്ഞ് മൂന്നോടെ തിരുപ്രതിഷ്ഠ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാളിന് സമാപനമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.