അച്ചാംതുരുത്തി കോട്ടപ്പുറം നടപ്പാലം അപകടാവസ്ഥയില്‍

ചെറുവത്തൂര്‍: ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന അച്ചാംതുരുത്തി കോട്ടപ്പുറം നടപ്പാലം അപകടാവസ്ഥയില്‍. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെ നീലേശ്വരം നഗരസഭയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. താല്‍ക്കാലിക തൂണുകള്‍ സ്ഥാപിച്ച് അതിന്മേല്‍ മരപ്പാലം വെച്ചാണ് നടപ്പാലം ഒരുക്കിയിട്ടുള്ളത്. പില്ലറുകളുടെ അടിഭാഗം ദ്രവിച്ച നിലയിലാണ്. മരപ്പലകകള്‍ പലയിടത്തും ഇളകിയാടുകയാണ്. രണ്ടുവര്‍ഷം മുമ്പ് ജങ്കാര്‍ ഇടിച്ച് പാലം ഒരുഭാഗത്തേക്ക് ചരിഞ്ഞത് ഇതുവരെ ശരിയാക്കിയിട്ടില്ല. തേജസ്വിനി പുഴയുടെ ഏറ്റവും കൂടുതല്‍ അടിയൊഴുക്കുള്ള ഭാഗത്താണ് നടപ്പാലം. കനത്ത മഴയില്‍ ജീവന്‍ പണയംവെച്ചാണ് ജനം പാലത്തിലൂടെ സഞ്ചരിക്കുന്നത്. നീലേശ്വരവുമായി എളുപ്പം ബന്ധപ്പെടാമെന്നതിനാല്‍ അച്ചാംതുരുത്തി ദ്വീപിലെ ജനം കൂടുതലായും ആശ്രയിക്കുന്നതും ഈ പാലത്തിനെയാണ്. ഈ പാലത്തിന് സമീപം റോഡ് പാലം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ റോഡ് പാലം പണി രണ്ടു പില്ലറുകള്‍ കൂടി സ്ഥാപിക്കാനിരിക്കെ നിര്‍ത്തിവെച്ചു. കരാറുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണിത്. റോഡ് പാലം യാഥാര്‍ഥ്യമായാല്‍ നടപ്പാലം ഒഴിവാക്കും. എന്നാല്‍, ഇതിന് കാലതാമസമെടുക്കുന്നത് പ്രദേശവാസികളുടെ യാത്രാപ്രശ്നം വര്‍ധിപ്പിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.