ബ്രണ്ണന്‍ കോളജ് നിര്‍ദിഷ്ട സിന്തറ്റിക് ട്രാക്: സായി ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലെ നിര്‍ദിഷ്ട സിന്തറ്റിക് ട്രാക്കിന് കണ്ടത്തെിയ സ്ഥലം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കേരള റീജനല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം സ്ഥലത്തത്തെിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സിന്തറ്റിക് ട്രാക് നിര്‍മിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം നടക്കുമെന്ന ഘട്ടംവരെ എത്തിയിരുന്നു. എന്നാല്‍, പിന്നീട് ഈ ദിശയില്‍ നീക്കമൊന്നുമുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന പിണറായി വിജയന്‍െറ പ്രധാന വാഗ്ദാനമായിരുന്നു ഗവ. ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് ട്രാക് യാഥാര്‍ഥ്യമാക്കുമെന്നത്. അദ്ദേഹം ജയിച്ച് മുഖ്യമന്ത്രിയുമായി. തുടര്‍ന്നാണ് സായി കേരള ഡയറക്ടറുടെ സന്ദര്‍ശനം. സായി നേരത്തെ ഒമ്പത് കോടി രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്. ബ്രണ്ണന്‍ കോളജിലെ മെന്‍സ് ഹോസ്റ്റലിനു സമീപത്തായുള്ള ഏഴര ഏക്കര്‍ സ്ഥലത്തില്‍ അഞ്ചര ഏക്കറാണ് സിന്തറ്റിക് ട്രാക് അടങ്ങുന്ന സ്റ്റേഡിയം നിര്‍മിക്കാനായി കണ്ടുവെച്ചിട്ടുള്ളത്. ഇത് യാഥാര്‍ഥ്യമാക്കുന്നതിനായി ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം അപര്യാപ്തമായ സാഹചര്യത്തില്‍ സിന്തറ്റിക് സ്റ്റേഡിയം അനിവാര്യമാണെന്ന് ഡോ. കിഷോര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സായി പണം എത്രവേണമെങ്കിലും മുടക്കാന്‍ തയാറാണ്. എന്നാല്‍, ഗവ. ബ്രണ്ണന്‍ കോളജ് ഒറ്റക്കെട്ടായി സഹകരിക്കണം. ഇവിടെ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുണ്ടായാല്‍ സിന്തറ്റിക് സ്റ്റേഡിയം താല്‍പര്യമുള്ള മറ്റ് സ്ഥലങ്ങളില്‍ നല്‍കേണ്ടിവരുമെന്നും അദ്ദേഹം സൂചന നല്‍കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി. ഷാഹിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. വത്സലന്‍, കായിക വിഭാഗം മേധാവി ഡോ. പ്രശോഭിത്ത്, തലശ്ശേരി ബ്ളോക് പഞ്ചായത്ത് അംഗം കെ. രവീന്ദ്രന്‍, ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സരോജ, വൈസ് പ്രസിഡന്‍റ് പൊലപ്പാടി രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപീകൃഷ്ണന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ. ഗോകുല്‍ദാസ്, ദിലീപന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ ചന്ദ്രന്‍, കെ. സുരേന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.