രാമഞ്ചിറ, വെങ്ങാട്ട് മയ്യിച്ച പാലത്തേര പാലങ്ങളുടെ നിര്‍മാണം: പ്രാഥമിക പരിശോധന നടത്തി

ചെറുവത്തൂര്‍: രാമഞ്ചിറ, വെങ്ങാട്ട് മയ്യിച്ച പാലത്തേര പാലങ്ങളുടെ നിര്‍മാണത്തിന്‍െറ ഭാഗമായി പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമായാണ് പാലം നിര്‍മാണത്തിന്‍െറ മുന്നോടിയായി എന്‍ജിനീയര്‍മാര്‍ അടങ്ങിയ സംഘം എത്തി പരിശോധന നടത്തിയത്. തേജസ്വിനി പുഴക്ക് കുറുകെ രാമഞ്ചിറ പാലം യാഥാര്‍ഥ്യമായാല്‍ കയ്യൂര്‍-ചീമേനി പഞ്ചായത്തിനെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തീരദേശ റോഡില്‍നിന്ന് ദേശീയപാതയുമായി എളുപ്പം ബന്ധപ്പെടാനാകും. നിലവില്‍ ഗതാഗതയോഗ്യമല്ലാത്ത നടപ്പാലവും ഉപ്പുവെള്ളം തടയുന്നതിനായുള്ള ഒരു ഷട്ടര്‍ കം ബ്രിഡ്ജും മാത്രമാണിവിടെയുള്ളത്. ഇത് നിലനിര്‍ത്തി തെക്കുഭാഗത്ത് 15 മീറ്റര്‍ മാറി പുതിയപാലം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പാലം നിര്‍മാണത്തിന് സ്ഥലം ഭൂമിശാസ്ത്രപരമായി അനുയോജ്യമാണെന്ന് പരിശോധകസംഘം പറഞ്ഞു. നടപ്പാലം വരുന്നതിനുമുമ്പ് കയ്യൂര്‍-ചീമേനി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുവത്തൂര്‍ ചന്തയിലേക്ക് സാധനങ്ങളുമായി കച്ചവടത്തിനത്തെുന്നവര്‍ ഇതുവഴി തോണിയിലാണ് എത്തിയിരുന്നത്. ഇപ്പോഴും നിരവധിപേര്‍ ഇവിടെയുള്ള നടപ്പാലത്തിലൂടെയാണ് ചെറുവത്തൂരിലത്തെുന്നത്. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് പാലം. പാലം വരുന്നതോടെ ക്ളായിക്കോട്, വെള്ളാട്ട്, കൂക്കോട്ട്, കയ്യൂര്‍, അരയാക്കടവ് പാലംവഴി നീലേശ്വരം നഗരസഭയിലേക്കും യാത്ര എളുപ്പമാകും. 30 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയില്‍ പാലം നിര്‍മിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ചെറുവത്തൂര്‍ പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വെങ്ങാട്ട് മയ്യിച്ച പാലത്തേര പാലം നടപ്പാത പാലമാക്കി മാറ്റുന്നതിനുള്ള പ്രാഥമിക പരിശോധനയും നടന്നു. 17 വര്‍ഷം മുമ്പ് ജില്ലാപഞ്ചായത്ത് നടപ്പാലം നിര്‍മിച്ചെങ്കിലും ഇത് തകര്‍ന്ന് ഉപയോഗശൂന്യമാവുകയായിരുന്നു. പിന്നീട് പഞ്ചായത്ത്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മരം, പലകകള്‍ എന്നിവ ഉപയോഗിച്ച് ഓരോ വര്‍ഷവും പാലം നിര്‍മിച്ചാണ് താല്‍ക്കാലികമായി ഉപയോഗിക്കുന്നത്. പാലം നിര്‍മിക്കാന്‍ തടസ്സങ്ങളില്ളെന്ന് എന്‍ജിനീയറിങ് വിഭാഗം കണ്ടത്തെി. 50 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയില്‍ പാലം നിര്‍മിക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. എം. രാജഗോപാലന്‍ എം.എല്‍.എക്ക് പ്രദേശവാസികള്‍ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇരുപാലങ്ങളും നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കാഞ്ഞങ്ങാട് പി.ഡബ്ള്യൂ.ഡി ബ്രിഡ്ജസ് അസി. എന്‍ജിനീയര്‍ അനില്‍കുമാര്‍, ഓവര്‍സിയര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ, ബ്ളോക് പഞ്ചായത്തംഗം വെങ്ങാട്ട് കുഞ്ഞിരാമന്‍, വി. ചന്ദ്രന്‍ എന്നിവരും സന്ദര്‍ശനസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.