നീലേശ്വരം: നിലവിലെ റെയില്‍വേ ഗേറ്റ് മാറ്റിസ്ഥാപിക്കല്‍ പള്ളിക്കര റെയില്‍വേ മേല്‍പാലം നിര്‍മാണത്തിന് പ്രധാന തടസ്സമാകുന്നു. ഗേറ്റ് മാറ്റിസ്ഥാപിക്കാന്‍ പറ്റിയ സ്ഥലമില്ലാത്തതിനാല്‍ മേല്‍പാലം നിര്‍മാണം നീളുകയാണ്. ദിവസേന 40ലേറെ ട്രെയിനുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. അതിനാല്‍ സുരക്ഷിതമായ സ്ഥലംതന്നെ വേണം ഗേറ്റ് മാറ്റിസ്ഥാപിക്കാന്‍. നിലവിലെ ഗേറ്റിന്‍െറ തെക്കുഭാഗത്തെ സ്ഥലം മേല്‍പാലം നിര്‍മാണത്തിന് ഏറ്റെടുത്തതാണ്. അതിനാല്‍, ഇവിടെ ഗേറ്റ് സ്ഥാപിക്കാനാവില്ല. വടക്കുഭാഗത്തെ സ്ഥലം നാലുവരിപ്പാതക്കുവേണ്ടി അളന്ന് തിട്ടപ്പെടുത്തിയതാണ്. ഇവിടേക്ക് ഗേറ്റ് മാറ്റിസ്ഥാപിക്കല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദേശീയപാത അതോറിറ്റിയും റെയില്‍വേയും തമ്മില്‍ ചര്‍ച്ച ചെയ്ത് ധാരണയിലത്തെിയാല്‍ മാത്രമേ ഇതിന് ശാശ്വതപരിഹാരം കാണാന്‍ കഴിയൂ. കേന്ദ്രസര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കിയതാണ്. ഗേറ്റ് മാറ്റിസ്ഥാപിക്കുന്നതില്‍ തീരുമാനമാകാത്തതുമൂലം മേല്‍പാലം നിര്‍മാണനടപടികള്‍ അനിശ്ചിതത്വത്തിലാകും. സംസ്ഥാനസര്‍ക്കാര്‍ 45 മീറ്റര്‍ ദേശീയപാതയുമായി മുന്നോട്ടുപോകുമ്പോള്‍ ഗേറ്റ് മാറ്റിസ്ഥാപിക്കല്‍ കീറാമുട്ടിയാകും. 40 കോടി രൂപയാണ് ഉപരിതല ഗതാഗതവകുപ്പ് സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേല്‍പാലം നിര്‍മാണത്തിന് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.