തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് ആശുപത്രി അധികൃതരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യ മേഖലയുടെ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളില്‍ കെട്ടിടം മാത്രമാണുണ്ടാവുക. ഡോക്ടര്‍മാരോ ചികിത്സാ സൗകര്യങ്ങളോ ചിലപ്പോള്‍ ഉണ്ടായെന്നുവരില്ല. ജില്ലാ ആശുപത്രിയിലെ നിലവാരത്തില്‍ ജനറല്‍ ആശുപത്രിയിലും ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യമേര്‍പ്പെടുത്തും. കാര്‍ഡിയോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളും തുടങ്ങും. ശസ്ത്രക്രിയകള്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരു തിയറ്റര്‍ മാത്രമേയുള്ളൂവെന്ന പരാതിക്ക് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. വൈദ്യുതി നിലച്ചാല്‍ പകല്‍പോലും പകരം സംവിധാനമില്ലാത്തത് രോഗചികിത്സയില്‍ ഡോക്ടര്‍മാര്‍ തെറ്റായ നിഗമനത്തില്‍ എത്താനിടയുണ്ടെന്ന് നേരത്തെ ആശുപത്രി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ആശുപത്രിക്ക് പുതിയ കെട്ടിടമോ നിലവിലുള്ള കെട്ടിടത്തിന് മുകളില്‍ നിലകളോ നിര്‍മിക്കാന്‍ സി.ആര്‍.സെഡ് നിയമങ്ങളും പുരാവസ്തു വകുപ്പിന്‍െറ വിലക്കും വിലങ്ങുതടിയാണെന്നതിനാല്‍ കോടിയേരി പി.എച്ച്.സിയുടെ കൈവശമുള്ള 60 സെന്‍റ് സ്ഥലത്ത് ആശുപത്രി അനക്സ് കെട്ടിടം നിര്‍മിക്കാന്‍ തലശ്ശേരി നഗരസഭ തയയാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ അറിയിച്ചു. അവിടെ ഡയാലിസിസ് യൂനിറ്റ് പോലുള്ള വിഭാഗങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. സ്കാനിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി നിര്‍ദേശിച്ചു. എക്സ്റേ മെഷീന്‍െറ യു.പി.എസും മാറ്റണം. വികലാംഗര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാന്‍ ലിഫ്റ്റിന് അനുമതി ലഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. രാജാറാം അറിയിച്ചു. മുട്ടുചികിത്സയിലുള്ള പ്രാഗല്ഭ്യം മറ്റുമേഖലകളിലും കൊണ്ടുവരണം. കൂടാതെ പവര്‍ലോണ്‍ട്രിയും ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.