കാസര്‍കോട്: ദുരിത ജീവിതത്തെ അതിജയിച്ച് അവര്‍ നെയ്ത സ്വപ്നങ്ങള്‍ക്കും ഭാവനകള്‍ക്കും പുസ്തക രൂപമൊരുങ്ങുന്നു. വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞങ്ങാട് നെഹ്റു കോളജ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുരുന്നുകളുടെ സര്‍ഗസൃഷ്ടികളടക്കം ഉള്‍ക്കൊള്ളുന്ന 151 പുസ്തകങ്ങള്‍ പ്രകാശിതമാവും. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് സാഹിത്യവേദിയും കോട്ടയം മുണ്ടക്കയം സി.എം.എസ്.എല്‍.പി സ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രത്യേക പരിഗണനയര്‍ഹിക്കുന്നവര്‍ രചിച്ച 50 പുസ്തകങ്ങളും മുണ്ടക്കയം സ്കൂളിലെ കുട്ടികള്‍ രചിച്ച 100 പുസ്തകങ്ങളും നെഹ്റു കോളജിലെ സാഹിത്യവേദി രചിച്ച ഒരു പുസ്തകവും ഉള്‍പ്പെടെ 151 എണ്ണമാണ് ഈ വേദിയില്‍ പ്രകാശനം ചെയ്യുക. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ രചനകള്‍ ഇത്രമാത്രം ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതും 151 പുസ്തകങ്ങള്‍ ഒരുമിച്ച് പ്രകാശനം ചെയ്യുന്നതും ആദ്യമായിട്ടാണെന്ന് സംഘാടകര്‍ പറയുന്നു. സാന്ത്വനക്കൂട്ടത്തിന്‍െറ ഉദ്ഘാടനവും സാന്ത്വനനിധി വിതരണവും ചലച്ചിത്ര താരം സുരേഷ് ഗോപി നിര്‍വഹിക്കും. മുണ്ടക്കയം സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് ടി. എബ്രഹാം അധ്യക്ഷത വഹിക്കും. പുസ്തക പാടം ഉദ്ഘാടനം പി. കരുണാകരന്‍ എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ഏഴ് ബഡ്സ് സ്പെഷല്‍ സ്കൂളുകളില്‍ നിന്നും സ്നേഹവീട്ടില്‍ നിന്നുമായി 100ലധികം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മുണ്ടക്കയം സി.എം.എസ്.എല്‍.പി സ്കൂളിലെ കുട്ടികളുമടക്കം സാന്ത്വനക്കൂട്ടത്തില്‍ കണ്ണിചേരും. മുണ്ടക്കയം സ്കൂളിലെ കുട്ടികള്‍ അവധി ദിനങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കണ്ണീര്‍ പള്ളിക്കൂടം എന്ന പാവനാടകം അവതരിപ്പിച്ചാണ് സാന്ത്വന നിധിക്കാവശ്യമായ പണം ശേഖരിച്ചത്. ഈ പണം ഉപയോഗിച്ച് ജില്ലയിലെ ഏഴ് ബഡ്സ് സ്കൂളുകള്‍ക്കും സ്നേഹവീടിനും കുട്ടികളുടെ ഭക്ഷണ-പാചക ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യും. നാലു ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ബഡ്സ് സ്കൂള്‍ കുട്ടികളുടെ പ്രതിഭാസംഗമത്തിനും സാന്ത്വനക്കൂട്ടം വേദിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.